X

ആദായ നികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം; ബി.ജെ.പിയുടെ അഴിമതിപ്പണം 14,311 കോടി രൂപ

തിരുവനന്തപുരം: ഇലക്ട്രല്‍ ബോണ്ടു വഴി കവര്‍ന്നെടുത്ത 14,311 കോടി രൂപയുടെ അഴിമതിപ്പണം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒഴുക്കുന്നതിനിടയിലാണ് കോണ്‍ഗ്രസിന്റെ കൈയും കാലും കെട്ടിയിട്ട് തെരഞ്ഞെടുപ്പ് ഗോദയില്‍ മോദി വെല്ലുവിളിക്കുന്നതെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് എ.ഐ.സി.സിയുടെ ഫണ്ട് മരവിപ്പിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മോദി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ ഭരണകൂട ഭീകരതക്കെതിരെയുള്ള ധര്‍ണ ഇന്‍കംടാക്സ് ഓഫീസ് പടിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍ കോണ്‍ഗ്രസിന്റെ 135 കോടി രൂപ ആദായനികുതി വകുപ്പ് ബലമായി പിടിച്ചെടുക്കുകയും 250 കോടി രൂപ മരവിപ്പിക്കുകയും ചെയ്തു. 1823.08 കോടി രൂപ ഉടനേ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് അയച്ചത്. സി.പി.എം, സി.പി.ഐ തുടങ്ങിയ കക്ഷികള്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഐക്യരാഷ്ട്രസംഘടനയും അമേരിക്കയും ജര്‍മനിയും ഈ ജനാധിപത്യവിരുദ്ധ നടപടിയെ അപലപിച്ചു. ഇവര്‍ സഹായിക്കമെന്ന് വാഗ്ദാനം ചെയ്തെങ്കിലും കോണ്‍ഗ്രസ് നിരസിക്കുകയാണു ചെയ്തതെന്ന് ഹസന്‍ പറഞ്ഞു.

200 വര്‍ഷത്തെ പോരാട്ട പാരമ്പര്യമുള്ള കോണ്‍ഗ്രസ് ഈ പ്രതിസന്ധിയെയും അതിജീവിക്കും. 300 സീറ്റ് നേടി ഇന്ത്യാ മുന്നണി അധികാരത്തിലേറും. മോദിയുടെ ഇപ്പോഴത്തെ ആളിക്കത്തല്‍ അണയാന്‍ പോകുന്ന ദീപത്തിന്റെ അവസാനത്തെ ആളിക്കത്തലായിരിക്കുമിതെന്ന് ഹസന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.എസ് ബാബു, പന്തളം സുധാകരന്‍, വര്‍ക്കല കഹാര്‍, പി.കെ വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

webdesk14: