X

സി.ഒ.ടി നസീര്‍ വധശ്രമം: ഗൂഢാലോചന എംഎല്‍എ ഉപയോഗിക്കുന്ന ഇന്നോവയില്‍ വെച്ച്; എ.എന്‍ ഷംസീറിന് കുരുക്ക് മുറുകുന്നു

സി.ഒ.ടി നസീര്‍ വധശ്രമത്തിലെ പ്രതികള്‍ ഗൂഢാലോചന നടത്തിയത് എ.എന്‍ ഷംസീര്‍ എംഎല്‍എ ഉപയോഗിക്കുന്ന വാഹനത്തില്‍ വച്ചെന്ന് മൊഴി. മുഖ്യ പ്രതി പൊട്ടി സന്തോഷാണ് ഇതു സംബന്ധിച്ച മൊഴി നല്‍കിയത്. ഷംസീറിന്റെ സഹോദരന്‍ എ.എന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണിത്.

എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ ഉറ്റ സഹായിയും സന്തത സഹചാരിയായ എന്‍ .കെ.രാഗേഷ് പ്രധാന പ്രതിയായ പൊട്ടി സന്തോഷുമായി നസീറിനെ അക്രമിക്കാനുള്ള ഗൂഢാലോചാന നടത്തിയത് ഷംസീര്‍ ഉപയോഗിക്കുന്ന വാഹനത്തില്‍ വെച്ചാണെന്നാണ് പൊട്ടി സന്തോഷ് മൊഴി നല്‍കിയിരിക്കുന്നത്. KLO7 സി.ഡി 6887 എന്ന ഇന്നോവ കാറിലാണ് ഗൂഡാലോചന നടന്നത്. മിക്ക ദിവസങ്ങളിലും ഈ കാര്‍ ഡ്രൈവ് ചെയ്യുന്നത് വധശ്രമ കേസില്‍ നേരത്തെ അറസ്റ്റിലായ എന്‍.കെ.രാഗേഷാണ്.

വധശ്രമകേസില്‍ എ.എന്‍.ഷംസീര്‍ എം.എല്‍.എയുടെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തേക്കുമെന്നാണ് വിവരം. എന്നാല്‍ വാഹനം ഓടിച്ച പുല്യോട് ബ്രാഞ്ച് സെക്രട്ടറിയായ എന്‍.കെ.രാഗേഷും ക്വട്ടേഷന്‍ ഏറ്റെടുത്ത പൊട്ടിയന്‍ സന്തോഷും മാത്രമാണ് ഉണ്ടായിരുന്നതെന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണ സംഘം. മറ്റ് തെളിവുകള്‍ ലഭിച്ചിട്ടില്ല.
അതേസമയം സംഭവ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലും രാഗേഷിനെയും സന്തോഷിനെയും ഷംസീര്‍ നിരവധി തവണ ഫോണ്‍ ചെയ്തതായും പോലീസ് കണ്ടെത്തി. എ.എന്‍ രാഗേഷില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനായിരുന്നു പൊലീസ് നീക്കം. ഇതിന് ഇടയിലാണ് എ.എന്‍.ഷംസീറിനെതിരെ പൊട്ടി സന്തോഷ് മൊഴി നല്‍കിയത്. ന്നാല്‍ വധശ്രമ കേസില്‍ ഷംസീര്‍ എംഎല്‍എയുടെ മൊഴി എടുക്കും.

എന്നാല്‍ ഗൂഡാലോചന നടത്തിയ കാര്‍ കസ്റ്റഡിയിലെടുക്കാനൊ ഉടമയെ ചോദ്യം ചെയ്യാനൊ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇത് വിവാദത്തിന് കാരണമായിട്ടുണ്ട്. കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലായിരുന്നു സി.ഒ.ടി നസീര്‍. ഇതിന് ഇടയിലാണ് എ.എന്‍ ഷംസീറിന്റെ മൊഴി എടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

മേയ് 18 ന് രാത്രിയിലാണ് മൂന്നംഗ സംഘം തലശ്ശേരിയില്‍ നസീറിനെ ആക്രമിച്ചത്. അതേസമയം കണ്ണൂരില്‍ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Guest: