X

ഭരണഘടന വെറുമൊരു ദിനമല്ല

കെ.എന്‍.എ ഖാദര്‍

ഭാരതത്തിന്റെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി അതിമനോഹരമായ അക്ഷരങ്ങളില്‍ തയ്യാറാക്കിയത് നന്ദലാല്‍ ബോസ് ആയിരുന്നു. ഒന്നാം തരം അക്ഷരങ്ങളില്‍ വടിവൊത്ത രീതിയില്‍ എഴുതാന്‍ സാധിക്കുന്ന പ്രതിഭാശാലിയും ഭാഗ്യവാനുമായ മനുഷ്യനെ ആ ജോലി ഏല്‍പ്പിച്ചപ്പോള്‍ എന്തു പ്രതിഫലവും തരാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അദ്ദേഹം തനിക്ക് യാതൊരു പ്രതിഫലവും വേണ്ടെന്നും എന്നാല്‍ എല്ലാ പേജുകളിലും താന്‍ ഒപ്പിടുമെന്നും അവസാന പേജില്‍ തന്റെ മുത്തശ്ശന്റെ പേരും ചേര്‍ത്ത് ഒപ്പിടുമെന്നും നിബന്ധന വെച്ചു. അത് ഭരണഘടനാ സമിതി അംഗീകരിക്കുകയും ചെയ്തു. അച്ചടിച്ചു പ്രസ്സുകളില്‍നിന്നും പുസ്തകശാലകളില്‍നിന്നും വാങ്ങുന്നതെല്ലാം ഭരണ ഘടനയുടെ കോപ്പികളാണ്. ഭരണഘടയുടെ എഴുതപ്പെട്ട പേജുകളില്‍ നിറയെ ചിത്രങ്ങളും വരച്ചു ചേര്‍ത്തിട്ടുണ്ട്. ഈ ഒറിജിനല്‍ ആയിരത്തോളം പേജുകള്‍ വരുമത്രെ. അത് നമ്മുടെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാള്‍ ലൈബ്രറിയില്‍ കേടുകൂടാതെ നൂറ്റാണ്ടുകള്‍ ഇരിക്കാനായി ഹീലിയം നിറച്ചൊരു പെട്ടിയില്‍ സുരക്ഷിതമായി ഇരിക്കുകയാണ്.

ഭരണഘടനാദിനം അടുത്ത കാലത്തായി ഇന്ത്യയില്‍ ആവിര്‍ഭവിച്ച പുതിയ ആഘോഷമാണ്. അതില്‍ തകരാര്‍ ഒന്നുമില്ല. എങ്കിലും റിപ്പബ്ലിക് ദിനത്തെ അവഗണിക്കാനും ഒന്നു ചെറുതാക്കാനും വല്ല ഉദ്ദേശവും അതിന്റെ പിന്നില്‍ ഉണ്ടോ എന്ന് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ജനുവരി 26 ന് ആണ് പൂര്‍ണ സ്വരാജ് എന്ന പ്രമേയം കോണ്‍ഗ്രസ്സ് സമ്മേളനം അംഗീകരിച്ചത്. അത് 1930 ലായിരുന്നു. അതുകൊണ്ട് 1949 നവംബര്‍ 26ന് ഭരണഘടനാ അസംബ്ലി അതിന്റെ ജോലി പൂര്‍ത്തിയാക്കി ഭരണഘടന അംഗീകരിച്ചുവെങ്കിലും 1950 ജനുവരി 26 നാണ് റിപ്പബ്ലിക് ദിനം കൊണ്ടാടുന്നത്. ലോകത്തിലെ എഴുതപ്പെട്ട ഭരണഘടനകളില്‍ ഏറ്റവും വലിപ്പമേറിയത് നമ്മുടെതാണ്. കീഴ്‌വഴക്കങ്ങളും പാരമ്പര്യങ്ങളും പിന്തുടരുന്ന ബ്രിട്ടന് ലിഖിത ഭരണഘടന തന്നെയില്ല. നാം ഇന്ത്യക്കാര്‍ തയ്യാറാക്കിയ നമുക്ക് തന്നെ സമര്‍പ്പിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. അത് ദൈവ നാമത്തില്‍ ആരംഭിക്കണമെന്ന് നിര്‍മാണത്തില്‍ ആവശ്യപ്പെട്ട എച്ച്.വി കാമത്തിനെപ്പോലുള്ളവര്‍ ഉണ്ടായിരുന്നു. ദൈവ നാമത്തില്‍ ആരംഭിക്കുന്ന ഭരണഘടനകള്‍ ചില രാജ്യങ്ങളില്‍ ഉണ്ടുതാനും. എന്നാല്‍ അവിശ്വാസികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യക്കാരുടെയും ഭരണഘടനയായി ഇതിനെ കാണുന്നതിനാല്‍ അതുവേണ്ടെന്ന് ഡോ. അംബേദ്കര്‍ അഭിപ്രായപ്പെടുകയുണ്ടായി. അവസാനം ഈ വിഷയം വോട്ടിനിട്ട് തീരുമാനിക്കേണ്ടി വന്നു. നമ്മളില്‍ മിക്കവരുടെയും ധാരണ ഭരണഘടന നല്‍കുന്നതാണ് നമ്മുടെ അവകാശങ്ങള്‍ എന്നാണ്. വിശിഷ്യാ പൗരാവകാശങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യവകാശങ്ങളും വ്യക്തിയുടെ അവകാശങ്ങള്‍ അഥവാ പൗരാവകാശങ്ങള്‍ എല്ലാം ജന്മസിദ്ധമായി എല്ലാ ഇന്ത്യക്കാര്‍ക്കും ഉള്ളതാണ്. അതു നഷ്ടപ്പെടാതെ സംരക്ഷിച്ചു കൊള്ളാമെന്നാണ് ഭരണഘടന ഉറപ്പുനല്‍കുന്നത്. ഭരണഘടനയുടെ ആവിര്‍ഭാവത്തോടുകൂടിയല്ല അവകാശങ്ങള്‍ വന്നുചേര്‍ന്നത്. മനുഷ്യന്‍ എന്ന നിലയിലും സ്വതന്ത്രനായ വ്യക്തി എന്ന നിലയിലും അതിനു മുമ്പേ ഉണ്ടായിരുന്ന അവകാശങ്ങളെ ഭരണഘടന സംരക്ഷിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.

ഇന്നേവരെ 104 തവണ ഭരണ ഘടനാ ഭേദഗതികള്‍ ഉണ്ടായിട്ടുണ്ട്. ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിനു അവകാശമുണ്ടോ എന്ന പ്രശ്‌നം പലതവണ സുപ്രിംകോടതിയില്‍ വന്നിട്ടുണ്ട്. കേശവാനന്ദഭാരതി കേസ്സില്‍ അവസാനം വിധിച്ചത് ദേദഗതി ചെയ്യാനുള്ള അവകാശങ്ങള്‍ പരിമിതമാണ് എന്ന മട്ടിലാണ്. അതായത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും ഘടനയും മാറാതെ മാത്രമേ ഭേദഗതി അനുവദിച്ചിട്ടുള്ളൂ. ആ വിധി തന്നെ 13 പേര്‍ അടങ്ങിയ ബെഞ്ചില്‍ ഏഴു പേരുടേതാണ്. ഭരണഘടനാ അസംബ്ലിയില്‍ കേരളത്തില്‍ നിന്ന് 17 പേരാണ് ഉണ്ടായിരുന്നത്. അന്നു കേരളം ഉണ്ടായിരുന്നില്ല. തിരുവിതാംകൂറില്‍നിന്ന് ആറും, കൊച്ചിയില്‍നിന്ന് രണ്ടും മലബാറില്‍നിന്നു ഒമ്പതു പേരുമായിരുന്നു. ആനിമസ്‌ക്കീന്‍, ദാക്ഷായണീ വേലായുധന്‍, അമ്മു സ്വാമിനാഥന്‍ തുടങ്ങിയ മൂന്ന് സ്ത്രീകളും അതില്‍ ഉള്‍പ്പെട്ടിരുന്നു. ഭരണഘടനാഅസംബ്ലിയില്‍ മൊത്തം 17 സ്ത്രീകളുണ്ടായിരുന്നു. സുമാര്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഭരണഘടനാനിര്‍മാണ സഭ വളരെ വിശദമായി ഇന്ത്യന്‍ ജനതയുടെ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട സകല വിഷയങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ നാല്‍പ്പത്തി രണ്ടാം ഭേദഗതിയിലൂടെ 1976 ലാണ് ഇന്ദിരാഗാന്ധി ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്തത്. അന്നാണ് മതനിരപേക്ഷത എന്ന പദം ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തത്. അങ്ങിനെ ചെയ്തില്ലായിരുന്നുവെങ്കിലും തീര്‍ത്തും ഉള്ളടക്കംകൊണ്ട് അത് മതേതരമായിരുന്നു. സംസ്ഥാനങ്ങളുടെ യൂണിയന്‍ ആണ് ഇന്ത്യ. അതിന്റെ ഫെഡറല്‍ സ്വഭാവം ഭരണഘടന വിഭാവനം ചെയ്യുന്നു. ജനാധിപത്യം അതിന്റെ അടിസ്ഥാനതത്വമാണ്. ഭൂരിപക്ഷാധിപത്യമല്ല ജനാധിപത്യം. വ്യത്യസ്ഥത വെച്ചുപുലര്‍ത്താനുള്ള അവകാശമാണ്.

ഭരണഘടനയിലെ മതേതര സങ്കല്‍പ്പം അതിപ്രധാനമാണ്. സര്‍ക്കാറുകള്‍ക്ക് മതമുണ്ടാകാനോ, സര്‍ക്കാര്‍ നിരീശ്വരവാദിയായിരിക്കാനോ അവകാശമില്ല. തുല്യനീതിയാണ് വിഭാവനം ചെയ്യുന്നത്. അതേ സമയം പൗരന്മാര്‍ക്ക് ഏതു മതങ്ങളിലും വിശ്വസിക്കാനും ആചരിക്കാനും, പ്രബോധനം ചെയ്യാനും അവകാശമുണ്ട്. മതങ്ങളില്‍ വിശ്വസിക്കാത്തവര്‍ക്കും ഈ അവകാശങ്ങള്‍ എല്ലാമുണ്ട്. കോടാനുകോടി ഇന്ത്യക്കാരായ സ്്ത്രീ പുരുഷന്മാരെ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചു കൊണ്ട്‌വന്ന് ആ നിരായുധരായ ജനങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി അണിനിരത്തിയ മഹാത്മാഗാന്ധിയാണ് നമ്മുടെ രാഷ്ട്രപിതാവ്. ഇത്രയും ജനപങ്കാളിത്തമുള്ള ഒരു സ്വാതന്ത്ര്യ സമര പ്രക്ഷോഭം ലോകത്ത് മറ്റൊരിടത്തും നടന്നതായി അറിയില്ല. ജാതിമത വര്‍ണ വംശ വര്‍ഗ വ്യത്യാസമില്ലാതെ സകലരും അതിലുണ്ടായിരുന്നുവെന്നതാണ് ഇന്ത്യയുടെ ഉള്ളടക്കമായി കാണേണ്ടത്. ഒരു പ്രത്യേക മതവിധി പ്രകാരം ജീവിക്കാത്ത ജവഹര്‍ലാല്‍ നെഹ്‌റു ആയിരുന്നു ആദ്യ പ്രധാനമന്ത്രി. ജാതീയതയെ ശക്തമായി എതിര്‍ത്ത മഹാ പ്രതിഭാശാലിയായിരുന്ന ഭീംറാവു അംബേദ്കറായിരുന്നു ഭരണഘടനാ ശില്‍പ്പി. വൈവിധ്യങ്ങളുടെ സമാഹാരമായ ഇന്ത്യയെ അവരെല്ലാം ചേര്‍ത്ത് നിര്‍ത്തി നാം ഇന്ത്യക്കാര്‍ ഒന്നടങ്കം പൊരുതി നേടിയതാണ് സ്വാതന്ത്ര്യം. നാം തിരഞ്ഞെടുക്കുന്ന എല്ലാ വിഭാഗത്തിലുംപെട്ട പ്രഗല്‍ഭ വ്യക്തികള്‍ വേണ്ടത്ര ചര്‍ച്ച ചെയ്തു അംഗീകരിച്ചതാണ് ഭരണഘടന. ആ ഭരണഘടനയുടെ സംരക്ഷണത്തിനുകീഴില്‍ നാം ഇന്ത്യക്കാര്‍ ഭിന്നതകള്‍ മറന്നു ഒന്നിച്ചുകഴിയണം. അതിന് തടസ്സം നില്‍ക്കുന്നവര്‍ ആരായാലും അവര്‍ രാജ്യസ്‌നേഹികളല്ല.

web desk 3: