X

സുപ്രിംകോടതി അനുമതി നല്‍കി; കോപ്പ ബ്രസീലില്‍ തന്നെ

സാവോപോളോ: വേദി മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോപ്പ അമേരിക്ക ബ്രസീലില്‍ തന്നെ നടക്കുമെന്ന് ഉറപ്പായി. രാജ്യത്ത് കോവിഡ് കേസുകള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കോപ്പ നടത്തുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി പ്രസ്താവിച്ചത്. കോപ്പ അമേരിക്ക രാജ്യത്ത് നടത്താന്‍ അനുവദിക്കണമോ എന്ന വോട്ടെടുപ്പില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 11 ജഡ്ജിമാരും അനുകൂലമായി വോട്ട് ചെയ്തു. ബ്രസീലിയന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയും തൊഴിലാളി സംഘടനയുമാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

നാലര ലക്ഷത്തിലേറെ കോവിഡ് മരണം നടന്ന ബ്രസീലില്‍ കോപ്പ നടത്തിയാല്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം ബ്രസീല്‍ താരങ്ങള്‍ ആദ്യം തീരുമാനം എടുത്തെങ്കിലും പിന്നീട് അത് മാറ്റി. നേരത്തെ അര്‍ജന്റീനയിലും കൊളംബിയയിലും വെച്ചു നടക്കാനിരുന്ന കോപ്പ അമേരിക്ക ടൂര്‍ണമെന്റാണ് ബ്രസീലിലേക്ക് മാറ്റിയത്.

കോവിഡ് സാഹചര്യം കണക്കിലെടുത്തായിരുന്നു അര്‍ജന്റീനയില്‍ നിന്ന് വേദി മാറ്റിയത്. ആഭ്യന്തര കലാപത്തെ തുടര്‍ന്ന് കൊളംബിയ നേരത്തെ പിന്‍മാറിയിരുന്നു. ബ്രസീലിലേക്ക് ടൂര്‍ണമെന്റ് മാറ്റാന്‍ തീരുമാനം എടുത്തെങ്കിലും രാജ്യത്തെ കൊവിഡ് സാഹചര്യം ഗുരുതരമായതു കൊണ്ട് തുടക്കം മുതല്‍ തന്നെ അതിനെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.ഞായറാഴ്ചയാണ് കോപ്പയ്ക്ക് കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ബ്രസീല്‍ വെനസ്വേലയെ നേരിടും.

web desk 3: