X

കോവിഡ് 19; അനാവശ്യ ഭീതി പടര്‍ത്തരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

തിരുവനന്തപുരം: കോവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന രോഗമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ കോവിഡിനെ കുറിച്ച് അകാരണമായ ഭീതി ഉണ്ടാകുന്നത് നന്നായിരിക്കില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളില്‍ കോവിഡ് ഉപവിഭാഗങ്ങളെക്കുറിച്ച് വരുന്ന ഭീതിജനകമായ വസ്തുതകള്‍ ഐ.എം.എ തള്ളിക്കളഞ്ഞു.

ചില രാജ്യങ്ങളിലെ വ്യാപനം ഒമിക്രോണ്‍ വേരിയന്റിന്റെ ഉപവിഭാഗം ആയതിനാല്‍ തന്നെ ഗുരുതരമായ രീതിയിലേക്ക് രോഗം മാറുവാനുള്ള സാധ്യത കുറവാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ്‌ഡോ. സുല്‍ഫി നൂഹൂ,സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ പറഞ്ഞു. പുതിയ വകഭേദങ്ങളെക്കുറിച്ച് ജീനോമിക് സീക്വന്‍സിംഗ് പരിശോധന കേരളത്തിലും വ്യാപകമായി ചെയ്യണം. ആരോഗ്യ പ്രവര്‍ത്തകര്‍, രോഗ ലക്ഷണമുള്ളവര്‍, അടച്ചിട്ട മുറികളില്‍ വളരെ അടുത്ത് ദീര്‍ഘനേരം അപരിചിതരുമായി സംസാരിക്കുന്നവര്‍ തുടങ്ങിയ ആള്‍ക്കാര്‍ മാസ്‌ക് ഉപയോഗിക്കേണ്ടതാണ്.
കോവിഡുമായി ഒത്തിണങ്ങി ജീവിച്ചു പോകുന്ന രീതി ദീര്‍ഘകാലം തുടരേണ്ടിവരും എന്നുള്ളതാണ് വസ്തുത. പുതിയ ഔട്ട് ബ്രേക്കുകളെ കുറിച്ച് നിദാന്ത ജാഗ്രത പുലര്‍ത്തുവാനും അതിനെക്കുറിച്ച് നിരന്തരം വിശകലനം ചെയ്യുവാനുമുള്ള സംവിധാനങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍കാലങ്ങളിലെന്നപോലെ തുടരുമെന്നും ഇരുവരും പറഞ്ഞു.

webdesk13: