X

2024ലെ ലോക സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഗെയിംസിന് ഇന്ത്യയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: അസോസിയേഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ (ടി.എ.എഫ്.ഐ.എസ്.എ) ന്റെ 2024 ല്‍ നടക്കുന്ന 8ാമത് ലോക സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സാധ്യത. റഷ്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഗെയിംസ്, യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദ് ചെയ്തതിനെതുടര്‍ന്നാണ് ഇന്ത്യക്ക് സാധ്യത തെളിഞ്ഞത്. ഗെയിംസ് നടത്തിപ്പിനായി ടി.എ.എഫ്.ഐ.എസ്.എ വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ ഇതുവരെ നടന്നിട്ടില്ലാത്ത ഗെയിംസ് ഇന്ത്യയില്‍ എത്തിക്കാന്‍, ഇന്റര്‍നാഷണല്‍ അസോസിയേഷന്റെ ഇന്ത്യന്‍ ചാപ്റ്ററായ അസോസിയേഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍, സര്‍ക്കാരിന്റെയും സര്‍ക്കാരിതര ഗ്രൂപ്പുകളുമായി ചര്‍ച്ചയിലാണ്. ചര്‍ച്ചയുടെ ഭാഗമായി ഇന്ത്യന്‍ ചാപ്റ്ററിന്റ ദേശീയ പ്രസിഡന്റ് എ. സറഫും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി ഉഷയുമായി പ്രാരംഭ ചര്‍ച്ചകള്‍ നടത്തി.

ഗെയിംസ് അനുവദിച്ചാല്‍ ഇന്ത്യയുടെ പാരമ്പര്യ കായിക ഇനങ്ങളെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുവാന്‍ ഉതകുന്ന അവസരമായി ഇത് മാറും. നൂറില്‍പരം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഗെയിംസില്‍ ഒരു രാജ്യത്തുനിന്ന് പത്ത് അംഗങ്ങള്‍ പങ്കെടുക്കുകയും അവരുടെതായ തനത് പാരമ്പര്യ കായിക ഇനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. കായിക, വിനോദസഞ്ചാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ ശ്രദ്ധേയമായ അടിസ്ഥാന സൗകര്യങ്ങളെ ഉയര്‍ത്തികാട്ടാനുളള വേദിയായി ലോക സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഗെയിംസ് മാറും.
1992 ല്‍ നടന്ന പ്രധമ ലോക സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ ഗെയിംസിന് ജര്‍മ്മനിയാണ് വേദിയായത്. കഴിഞ്ഞ ഗെയിംസ് പോര്‍ച്ചുഗലിലെ ലിസ്റ്റണില്‍ നടന്നു. 2028 ല്‍ നടക്കുന്ന ഗെയിംസിന് വേദിയാവുക സഊദി അറേബ്യയാണ്. ഇന്ത്യന്‍ ചാപ്റ്റര്‍ ഇന്ത്യയെ വേദിയാക്കുന്നതിന് വേണ്ട സഹായത്തിന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ചയിലാണ്.

webdesk13: