ബംഗളൂരു: ആശങ്ക വര്‍ധിപ്പിച്ച് കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കോവിഡ് കേസുകളില്‍ 34 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തലസ്ഥാനമായ ബംഗളൂരുവിലും സ്ഥിതി വ്യത്യസ്തമല്ല. 34 ശതമാനത്തിന്റെ വര്‍ധനയാണ് കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് കോവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്നത്.

ഇന്നലെ സംസ്ഥാനത്ത് 1531 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് അത് 2052 ആയി ഉയര്‍ന്നു. ബംഗളൂരുവില്‍ ഇന്നലെ 376 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുതുതായി രോഗബാധ കണ്ടെത്തിയവരുടെ എണ്ണം 505 ആയി ഉയര്‍ന്നു. നിലവില്‍ സംസ്ഥാനത്ത് 23,253 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നത്തെ രോഗസ്ഥിരീകരണ നിരക്ക് 1.37 ശതമാനമാണ്. 24 മണിക്കൂറിനിടെ 35 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

നിലവില്‍ സംസ്ഥാനത്ത് 29ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മരണസംഖ്യ 36,491 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് സിനിമാ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നു. നൈറ്റ് കര്‍ഫ്യൂവിന്റെ ദൈര്‍ഘ്യത്തില്‍ ഒരു മണിക്കൂറിന്റെ കുറവ് വരുത്തുകയും ചെയ്തു.