X

ചികിത്സാ ചെലവ് താങ്ങാനാവാതെ കോവിഡ് രോഗികള്‍

കോവിഡ് രോഗികള്‍ക്ക് സ്വകാര്യ ആസ്പത്രികളില്‍ ചികിത്സാ ചെലവ് താങ്ങാനാവുന്നില്ലെന്ന് പരാതി. ഓരോ ആസ്പത്രിയും ഓരോതരം ചികിത്സാ ചെലവ് ഈടാക്കുന്നതിനാലാണിത്. കോവിഡ് സാഹചര്യം ചൂഷണം ചെയ്ത് ചില ആസ്പത്രികള്‍ വന്‍തുക രോഗികളില്‍ നിന്ന് ഈടാക്കുന്നതായും പരാതിയുണ്ട്. പുതിയ സാഹചര്യത്തില്‍ സാധ്യമായ മേഖലകളില്‍ നിരക്ക് ഏകീകരണം വേണമെന്നും ചൂഷണം തടയണമെന്നും ആസ്പത്രി അധികൃതരും ആവശ്യപ്പെടുന്നു.
നിലവില്‍ സ്വകാര്യആസ്പത്രികളില്‍ ചികിത്സാ ചെലവ് ഏകീകരണമില്ല. അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ ചികിത്സയും മുന്‍നിര്‍ത്തി ഓരോ ആസ്പത്രിയും വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. മെട്രോ നഗരങ്ങളിലും ക്ലാസ് വണ്‍ സിറ്റികളിലും ഉയര്‍ന്ന നിരക്ക് ഈടാക്കുമ്പോള്‍ അതിനെ പിന്‍തുടര്‍ന്ന് അര്‍ധനഗരങ്ങളിലും വന്‍തുക ഈടാക്കുന്നത് പരാതിക്കിടയായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയെതുടര്‍ന്ന് സ്വകാര്യ ആസ്പത്രികളിലെ നിരക്ക് ഏകീകരിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചെങ്കിലും നടപടിയായിട്ടില്ല.
കോവിഡ് ബാധിതര്‍ ചുരുങ്ങിയത് 10 ദിവസത്തോളം ആസ്പത്രിയില്‍ കഴിയേണ്ട സാഹചര്യമാണുള്ളത്. ആസ്പത്രിയുടെ നിലവാരം, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം, താമസമുറിയുടെയും പരിചരണത്തിന്റെയും ചെലവ് തുടങ്ങിയവയാണ് സ്വകാര്യ ആസ്പത്രിയില്‍ ബില്ല് കൂട്ടുന്നത്. എന്നാല്‍ കോവിഡ് കാലത്ത് പ്രത്യേകമായി ചികിത്സാ ചെലവ് കൂട്ടുകയോ വന്‍തുക ഈടാക്കുകയോ ചെയ്തിട്ടില്ലെന്ന് സ്വകാര്യ ആസ്പത്രി മേധാവികള്‍ പറയുന്നു. സാധാരണ നിരക്കില്‍ തന്നെ വിദഗ്ധ ചികിത്സയാണ് നല്‍കുന്നത്. മാത്രമല്ല ആസ്റ്റര്‍ മിംസ് പോലുള്ള വന്‍കിട ആസ്പത്രികള്‍ നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യ കോവിഡ് ചികിത്സയും ഒരുക്കിയിട്ടുണ്ട്്. കോവിഡ് ബാധിതന് മറ്റു രോഗങ്ങള്‍കൂടി ഉള്ളതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമായി വരുന്നുണ്ട്. നിലവിലുള്ള രോഗത്തിനു പുറമെ കോവിഡ് ചികിത്സ കൂടി നല്‍കേണ്ടതിനാല്‍ ശ്രദ്ധയും പരിചരണവും അത്യാവശ്യമാവുന്നു. ഇതിന് സൗകര്യമൊരുക്കേണ്ടത് ചെലവ് വര്‍ധിപ്പിക്കും. മാത്രമല്ല പൊതുസംവിധാനമായ വാര്‍ഡ് സൗകര്യത്തില്‍ ഒന്നിച്ച് കഴിയാന്‍ രോഗികള്‍ ഇഷ്ടപ്പെടുന്നില്ല. രോഗികള്‍ ഒറ്റക്ക് കഴിയാന്‍ മുറികള്‍ ആവശ്യപ്പെടുന്നതിനാല്‍ അതും ചികിത്സാ ചെലവ് കൂടാന്‍ കാരണമാവും. അര്‍ധ നഗരങ്ങളെക്കാള്‍ നഗരത്തില്‍ ഉയര്‍ന്ന നിരക്കാണ് നിലവിലുള്ളത്.
കോവിഡ് രോഗിക്ക് കൂടുതല്‍ ദിവസം ആസ്പത്രിയില്‍ കഴിയേണ്ടി വരുന്നതിനാലാണ് ബില്ല് അധികമാവുന്നത്. ഏഴു മുതല്‍ 10 ദിവസത്തോളം ആസ്പത്രിയില്‍ കഴിഞ്ഞ ശേഷമാണ് ടെസ്റ്റ് നടത്തുന്നത്. അതില്‍ നെഗറ്റീവായാലാണ് ഡിസ്ചാര്‍ജ് ആവുന്നത്. അല്ലാത്തവര്‍ വീണ്ടും ആസ്പത്രിയില്‍ കഴിയേണ്ടിവരും. കോവിഡ് ടെസ്റ്റിന്റെ പേരിലും ഓക്‌സിജന്റെ പേരിലും വന്‍തുക ഈടാക്കിയ ചില ആസ്പത്രികള്‍ക്കെതിരെ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് നിരക്ക് ഏകീകരണത്തെകുറിച്ച് പ്രമുഖ ആസ്പത്രി അധികൃതര്‍ രംഗത്തെത്തിയത്. നഗരത്തിലെ ആസ്പത്രികളെ പിന്‍തുടര്‍ന്ന് വന്‍ തുക ഈടാക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ഈ മേഖലയിലെ ചൂഷണം തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
അതേസമയം ടെസ്റ്റുകള്‍, ബെഡ്, റൂം എന്നിവയുടെ പേരില്‍ വിവിധ ആസ്പത്രികള്‍ വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. മാത്രമല്ല ഓക്‌സിജന്‍ സൗകര്യത്തിന്റെ പേരില്‍ വന്‍ തുകകള്‍ ഈടാക്കുന്നവരുമുണ്ട്.
ടെസ്റ്റുകള്‍, പരിശോധന, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയില്‍ നിരക്ക് ഏകീകരിച്ചാല്‍ ചൂഷണം വലിയൊരു അളവുവരെ കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. മഹാമാരിക്കാലത്ത് ലാഭത്തിനപ്പുറം സാമൂഹിക പ്രതിബന്ധതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും ചികിത്സാ ചെലവ് കുറക്കാന്‍ സാധ്യമായ മാര്‍ഗങ്ങള്‍ സ്വയം നടപ്പാക്കണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

web desk 3: