X

ഒക്ടോബറോടെ രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ

മോസ്‌കോ: ഒക്ടോബര്‍ പതിനഞ്ചോടെ രണ്ടാമത്തെ കോവിഡ് പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യാനൊരുങ്ങി റഷ്യ. ടാസ് ന്യൂസ് ഏജന്‍സിയാണ് ഈ റിപ്പോര്‍ട്ട് ചെയ്തു.

സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചിട്ടുള്ളത്. വാക്‌സിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായി. മോസ്‌കോയിലെ ഗമേലിയ ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ച ആദ്യ കോവിഡ് വാക്‌സിനായ സ്പുട്‌നിക് ഓഗസ്റ്റ് മാസത്തില്‍ റഷ്യ രജിസ്റ്റര്‍ ചെയ്തിരുന്നു.

അതേസമയം കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്റെ ഇന്ത്യയിലെ അവസാന ഘട്ട പരീക്ഷണം ആഴ്ചകള്‍ക്കകം തുടങ്ങിയേക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനിയായ ഡോ റെഡ്ഡീസിലെ എക്‌സിക്യൂട്ടീവ് പറഞ്ഞു.

ഇന്ത്യയിലെ വാക്‌സിന്‍ പരീക്ഷണത്തിനായി രണ്ടായിരത്തോളം ആളുകളെ തെരഞ്ഞെടുക്കും.സര്‍ക്കാര്‍ ആശുപത്രിയില്‍ അടക്കം ഒന്നിലധികം ആരോഗ്യസംവിധാനങ്ങളിലാണ് ഇത് നടത്തുക. ആഴ്ചകള്‍ക്കകം വാക്‌സിന്‍ പരീക്ഷണത്തിന് ആവശ്യമായ അനുമതി സര്‍ക്കാര്‍ തലത്തില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ഡോ റെഡ്ഡീസിലെ സിഇഒ ദീപക് സപ്ര പറയുന്നു.സ്പുട്‌നിക് വാക്‌സിന്റെ വിദേശത്തുളള വില്‍പ്പനയുമായി ബന്ധപ്പെട്ട് നിയന്ത്രണം കയ്യാളുന്ന റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി ഡോ റെഡ്ഡീസ് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ പരീക്ഷണം.

web desk 3: