X

കോവിഡിന്റെ ആദ്യ ലക്ഷണങ്ങള്‍ പല പ്രായക്കാരില്‍ വിഭിന്നമെന്ന് പഠനം

കോവിഡ് പ്രതിരോധത്തിലെ പ്രധാനപ്പെട്ട ഘടകമാണ് നേരത്തേയുള്ള രോഗനിര്‍ണയം. എന്നാല്‍ തുടക്ക ഘട്ടത്തിലെ കോവിഡ് ലക്ഷണങ്ങള്‍ പല പ്രായവിഭാഗങ്ങളിലും പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

ലണ്ടനിലെ കിങ്‌സ് കോളജിലെ ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് ലക്ഷണങ്ങളിലെ വിഭിന്നത ഏറ്റവുമധികം പ്രകടമാകുന്നത് 16-59 പ്രായക്കാരും 60-80 പ്രായവിഭാഗക്കാരും തമ്മിലാണ്. സ്ത്രീകളും പുരുഷന്മാരും തമ്മിലും രോഗലക്ഷണങ്ങളില്‍ നല്ല വ്യത്യാസമുണ്ട്.
കോവിഡ് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സോയി കോവിഡ് സിംപ്റ്റം സ്റ്റഡി ആപ്പിലെ 2020 ഏപ്രില്‍ 20നും 2020 ഒക്ടോബര്‍ 15നും ഇടയിലുള്ള വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. കോവിഡ് രോഗബാധയുടെ ആദ്യ മൂന്ന് ദിവസത്തെ ലക്ഷണങ്ങള്‍ മോഡല്‍ ചെയ്‌തെടുത്ത ഗവേഷകര്‍ 80 ശതമാനം കേസുകളും വിജയകരമായി നിര്‍ണയിച്ചു.

വിവിധ പ്രായവിഭാഗങ്ങള്‍ക്ക് പ്രസക്തമായ 18 രോലക്ഷണങ്ങളാണ് പരിശോധിച്ചത്. കോവിഡിന്റെ രോഗനിര്‍ണയത്തിന് സഹായകമായ ആദ്യ ഘട്ട ലക്ഷണങ്ങളായി കണ്ടെത്തിയത് മണം നഷ്ടമാകല്‍, നെഞ്ചു വേദന, തുടര്‍ച്ചയായ ചുമ, വയര്‍ വേദന, കാലില്‍ കുമിളകള്‍, ചെങ്കണ്ണ്, അസ്വാഭാവികമായ പേശീ വേദന എന്നിവയാണ്.
എന്നാല്‍ 60 വയസ്സിന് മുകളില്‍ പ്രായമുളളവരില്‍ മണം നഷ്ടപ്പെടുന്ന ലക്ഷണം കോവിഡ് നിര്‍ണയത്തില്‍ അപ്രസക്തമായി കൊണ്ടിരിക്കുകയാണെന്ന് പഠനത്തില്‍ കണ്ടെത്തി. 80 വയസ്സിന് മുകളിലുള്ളവരുടെ കാര്യത്തില്‍ ഈ ലക്ഷണത്തിന് ഇപ്പോള്‍ യാതൊരു പ്രസക്തിയുമില്ല. 60ന് മുകളില്‍ പ്രായമായവരില്‍ അതിസാരം പ്രധാനപ്പെട്ട ലക്ഷണമാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. അതേ സമയം ഇവരുടെ ഗവേഷണം അനുസരിച്ച് പനി ഇപ്പോള്‍ ഒരു പ്രായവിഭാഗത്തിലും കോവിഡിന്റെ പ്രാരംഭ ലക്ഷണമല്ല.
ശ്വാസംമുട്ടല്‍, ക്ഷീണം, വിറയല്‍, കുളിര് തുടങ്ങിയ ലക്ഷണങ്ങള്‍ കൂടുതലും ഉണ്ടാകാന്‍ സാധ്യത പുരുഷന്മാര്‍ക്കാണെന്നും പഠനം പറയുന്നു. മണം നഷ്ടമാകല്‍, നെഞ്ച് വേദന, തുടര്‍ച്ചയായ ചുമ തുടങ്ങിയവ സ്ത്രീകളിലാകും കൂടുതലായും കാണപ്പെടുകയെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

 

web desk 3: