തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നാല് ജില്ലകളില്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റണ്‍ നടത്തുക.

തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രികളിലും ഡ്രൈ റണ്‍ നടത്തും.

ജനുവരി രണ്ട് മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കള്‍ വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിനു ശേഷം വ്യക്തമാക്കിയിരുന്നു.

നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു.

സാങ്കേതികതയുടെ സഹായത്തോടെ കോവിഡ് വാക്‌സിന്‍ വിതരണ സംവിധാനം സജ്ജമാക്കല്‍, വിവരങ്ങള്‍ അപ്ലോഡ് ചെയ്യല്‍, ജില്ലകളില്‍ വാക്‌സിനുകള്‍ സ്വീകരിക്കുന്നതും വാക്‌സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വാക്‌സിനേഷന്‍ ടീമിനെ വിന്യസിക്കല്‍, സെഷന്‍ സൈറ്റില്‍ സാധനങ്ങള്‍ എത്തിക്കല്‍, വാക്‌സിനേഷന്‍ നടത്തുന്നതിന്റെ മോക്ക് ഡ്രില്‍, ബ്ലോക്ക്ജില്ലസംസ്ഥാന തല യോഗങ്ങളിലെ റിപ്പോര്‍ട്ടിങ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണില്‍ ഉള്‍പ്പെടുന്നു.