X

കോവിഡ് വാക്‌സിന്‍ എല്ലാവരിലും എത്താന്‍ അഞ്ചുവര്‍ഷം എടുക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട്

ഡല്‍ഹി: കോവിഡ് വാക്‌സിന്‍ എല്ലാവരിലും എത്താന്‍ അഞ്ചുവര്‍ഷം എടുക്കുമെന്ന് പ്രമുഖ മരുന്ന് കമ്പനി സിറം ഇന്‍സ്റ്റിറ്റിയൂട്ട്. 2024 അവസാനത്തില്‍ പോലും ലോകത്തെ എല്ലാവരിലും വാക്‌സിന്‍ എത്തിക്കാന്‍ സാധിക്കില്ലെന്നും ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കരാര്‍ നേടിയ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയുടെ മേധാവിയായ അദര്‍ പൂനവാല പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ എത്തുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് ഈ പ്രതികരണം. കുറഞ്ഞ സമയം കൊണ്ട് ലോക ജനസംഖ്യയെ ഒന്നടങ്കം കുത്തിവെയ്പ് നടത്താന്‍ മരുന്നു കമ്പനികള്‍ക്ക് വലിയ തോതിലുളള ഉല്‍പ്പാദന ശേഷിയില്ല. എല്ലാവരിലും വാക്‌സിന്‍ എത്താന്‍ അഞ്ചുവര്‍ഷത്തോളം സമയമെടുക്കാം. കോവിഡ് വാക്‌സിന്‍ തയ്യാറായാല്‍, 1500 കോടി ഡോസ് വേണ്ടിവരുമെന്ന് അദര്‍ പുനവാല നേരത്തെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ പാര്‍ട്ട്ണറായ ആസ്ട്ര സെനേക്ക ഉള്‍പ്പെടെ അഞ്ചു രാജ്യാന്തര കമ്പനികളുമായി കോവിഡ് വാക്‌സിന്‍ വികസനത്തില്‍ സിറം കരാറില്‍ എത്തിയിട്ടുണ്ട്. വികസ്വര രാജ്യങ്ങളില്‍ ഭൂരിഭാഗത്തിനും വാക്‌സിന്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആസ്ട്ര സെനേക്കയുമായുളള കരാര്‍ അനുസരിച്ച് കുറഞ്ഞ ചെലവില്‍ വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. കുറഞ്ഞത് മൂന്ന് ഡോളറില്‍ വാക്‌സിന്‍ ലഭ്യമാക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. 68 രാജ്യങ്ങള്‍ക്ക് ഈ നിരക്കില്‍ മരുന്ന് ലഭ്യമാക്കുമെന്നാണ് കമ്പനി പറയുന്നത്.

web desk 3: