X

കോവിഡ് വൈറസ് ഉത്ഭവം; ലോകാരോഗ്യ സംഘടന സംഘം വുഹാനിൽ

ബീജിംങ്: കോവിഡ് ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം വുഹാനിലെത്തിയതായി ചൈന. പത്തംഗ സംഘമാണ് ഉത്ഭവമെന്ന് കരുതപ്പെടുന്ന വുഹാനിൽ സന്ദർശനം നടത്തുന്നത്.
2019 ഡിസംബറിൽ വുഹാനിലാണ് കൊറോണ വൈറസ് ബാധ ആദ്യം പടർന്നുപിടിച്ചത്. ഉത്ഭവം കണ്ടെത്തിയാൽ മാത്രമേ കൊറോണ വൈറസ് വീണ്ടും പടർന്നുപിടിക്കുന്നത് ഒഴിവാക്കാൻ കഴിയുവെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനം.
ഏറെ വിവാദങ്ങൾക്ക് ശേഷമാണ് ലോകാരോഗ്യ സംഘടന സംഘത്തിന്റെ ചൈനീസ് സന്ദർശനം. സംഘത്തെ ചൈനയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്നും ഇത് നിരാശാജനകമാണെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ സംഘത്തെ സ്വീകരിക്കാൻ ചൈന തയാറാണെന്നും ഒരുക്കങ്ങൾ പൂർത്തീകരിക്കുകയാണെന്നും വ്യക്തമാക്കി ചൈനീസ് വക്താവ് പ്രതികരിച്ചിരുന്നു.
ലോകോരാഗ്യ സംഘടന സംഘത്തിനൊപ്പം വുഹാനിലേക്ക് ചൈനീസ് വിദഗ്ധരും അനുഗമിക്കുമെന്നാണ് വിവരം. വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ നേരത്തെ ലോകാരോഗ്യ സംഘടന ഒരുതവവണ ചൈനാ സന്ദർശനം നടത്തിയിരുന്നു. അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളാണ് പ്രധാനമായും കോവിഡ് വിഷയത്തിൽ ചൈനക്കെതിരെ തിരിഞ്ഞത്. ചൈനയുടെ പക്ഷം പിടിക്കുകയാണെന്ന് ആരോപിച്ച് ലോകാരോഗ്യ സംഘടനക്കുള്ള സാമ്പത്തിക വിഹിതം പോലും അമേരിക്ക നിർത്തിവച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംഘടനാ പ്രതിനിധികളുടെ ചൈന സന്ദർശനം പ്രധാന്യമർഹിക്കുന്നതാണ്.
അതിനിടെ ചൈനയിൽ വീണ്ടും കോവിഡ് വ്യാപനം ശക്തമാകുന്നതായാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ ബീജിംഗിനോട് ചേർന്നുള്ള ഹെബി പ്രവിശ്യയിലാണ് ഇപ്പോൾ രോഗ വ്യാപനം നടക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന കുതിപ്പാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

zamil: