X

വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. വിദ്യാര്‍ത്ഥി പീഡനം അവസാനിപ്പിക്കണമെന്നും ഉത്തരവാദികളായ കോളജ് മാനേജ്‌മെന്റിനും പ്രിന്‍സിപ്പലിനുമെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് കണ്ണടച്ച് ഇരുട്ടാക്കുകയാണ്്. ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അപമാനിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസ് റജിസ്റ്റര്‍ ചെയ്യുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കുറ്റകരമാണ്. കുടുംബാധിപത്യത്തിലൂടെ ലോ അക്കാദമി രൂപീകരണത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെയും മാര്‍ഗനിര്‍ദേശങ്ങളെയും മാനദണ്ഡങ്ങളെയും അട്ടിമറിച്ചവര്‍ കടുത്ത വിദ്യാര്‍ത്ഥി ചൂഷണത്തിനും പീഡനത്തിനുമാണ് നേതൃത്വം നല്‍കിവരുന്നതെന്നും ജില്ലാ എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.

നൂറുകണക്കിന് വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെ രാപ്പകല്‍ ഭേദമില്ലാതെ കലാലയ കവാടത്തിന് പുറത്ത് പന്തല്‍കെട്ടി സമരരംഗത്താണ്. അറ്റന്‍ഡന്‍സിന്റെ കാര്യത്തിലും ഇന്റേണല്‍ മാര്‍ക്ക് വിഷയത്തിലും തികഞ്ഞ ഏകാധിപത്യം പുലര്‍ത്തുന്ന പ്രിന്‍സിപ്പലിനെതിരായാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭം. പരീക്ഷയില്‍ ആര് ജയിക്കണം, ആര് തോല്‍ക്കണം എന്ന് നിശ്ചയിക്കുന്നത് അങ്ങേയറ്റത്തെ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന പ്രിന്‍സിപ്പലാണ്. ജന്മി-മാടമ്പി മനോഭാവത്തോടെ വിദ്യാര്‍ത്ഥികളെ ജാതിപ്പേരില്‍പ്പോലും അവഹേളിക്കുന്ന സമീപനം വര്‍ത്തമാനകാല ഉന്നത വിദ്യാഭ്യാസത്തിന് തീര്‍ത്തും അപമാനകരമാണ്. പരീക്ഷാ മാനദണ്ഡങ്ങളും അഫിലിയേഷന്‍ തത്വങ്ങളും സര്‍വകലാശാല നിയമങ്ങളും കാറ്റില്‍പറത്തി വിദ്യാര്‍ത്ഥി ചൂഷണവും രക്ഷകര്‍തൃ അവഹേളനവും നടത്തുന്ന മുതലാളിത്ത മനോഭാവക്കാര്‍ക്കെതിരെ നിയമപരമായ കര്‍ക്കശ നടപടിവേണം.
പിന്നാക്കക്കാര്‍ക്കും വിദ്യാഭ്യാസ അശരണത അനുഭവിക്കുന്നവര്‍ക്കും നിയമവിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ഉന്നത ബോധത്തോടെ ആരംഭിച്ച സ്ഥാപനത്തിന്റെ ദുരുപയോഗത്തെകുറിച്ച് അന്വേഷിക്കുകയും ഫലപ്രദമായ നടപടി സ്വീകരിക്കുകയും വേണമെന്ന് സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. എ.ഐ.എസ്.എഫും എ.ഐ.വൈ.എഫും നടത്തുന്ന പ്രക്ഷോഭങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയാണെന്നും ജില്ലാ എക്‌സിക്യൂട്ടീവ് വ്യക്തമാക്കി.

chandrika: