X

ലോ അക്കാദമി: വിവാദം അവസാനിക്കില്ല

തിരുവനന്തപുരം: ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്താനുള്ള തീരുമാനം കൊണ്ടുമാത്രം ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ കെട്ടടങ്ങില്ല. സംസ്ഥാനത്തെ പ്രഥമ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനമായ ലോ അക്കാദമിക്ക് സര്‍ക്കാര്‍ അനുവദിച്ച ഭൂമി ദുരുപയോഗം ചെയ്തതടക്കമുള്ള വിഷയങ്ങളില്‍ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ഈ വിഷയത്തില്‍ പ്രത്യേക താല്‍പര്യമെടുത്ത് രംഗത്തുണ്ട്. എതിരാളികളുടെ നിരയില്‍ പിണറായിയുടെ വിശ്വസ്തനായ കോലിയക്കോട് കൃഷ്ണന്‍നായരും കുടുംബവുമായതിനാല്‍ അച്യുതാനന്ദന്റെ വീറും വാശിയും വര്‍ധിക്കുമെന്നുറപ്പാണ്. ലക്ഷ്മിനായരെ നീക്കിയെന്ന വാര്‍ത്ത വന്നതിന് പിന്നാലെ ഇതുകൊണ്ടുമാത്രം അക്കാദമിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി വി.എസ് ആദ്യവെടി പൊട്ടിച്ചുകഴിഞ്ഞു. അക്കാദമിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് വി.എസ് ഉന്നയിച്ചിരിക്കുന്നത്.

തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജിലെ ജിഷ്ണുവിന്റെ ആത്മഹത്യയോടെ കേരളത്തിലുടനീളമുള്ള സ്വാശ്രയ കോളജുകളില്‍ അലയടിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ തീപ്പൊരിയാണ് പേരൂര്‍ക്കട ലോ അക്കാദമിയിലും കത്തിപ്പടര്‍ന്നത്. ഇന്റേണല്‍ മാര്‍ക്ക് അടക്കമുള്ള വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ അവഗണിച്ചതോടെ സമരം കേരള സമൂഹത്തിലെ പ്രധാന ചര്‍ച്ചാ വിഷയമായി. രാഷ്ട്രീയ ഭേദമില്ലാതെ വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി നടത്തുന്ന സമരം മൂന്നാഴ്ച കൊണ്ട് ഇടതുമുന്നണി സര്‍ക്കാറിനെ പോലും പിടിച്ചുലക്കുന്ന തലത്തിലേക്ക് വ്യാപിച്ചു. സമയോചിതമായി ഇടപെട്ട് രമ്യമായി പരിഹരിക്കേണ്ടിയിരുന്ന വിഷയത്തില്‍ പ്രിന്‍സിപ്പലും ലോ അക്കാദമി മാനേജ്‌മെന്റും കാട്ടിയ അമാന്തവും ധാര്‍ഷ്ട്യവുമാണ് സ്ഥിതി ഇത്രയും വഷളാക്കിയത്.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനൊടുവില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ നിര്‍ബന്ധിതയായ ലക്ഷ്മി നായര്‍ കോളജുമായുള്ള ബന്ധം പൂര്‍ണമായും ഉപേക്ഷിക്കില്ലെന്ന് മാനേജ്‌മെന്റ്തന്നെ വ്യക്തമാക്കി കഴിഞ്ഞു. ലോ അക്കാദമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രത്തിന്റെ ഡയരക്ടറായി ലക്ഷ്മിനായരെ നിയമിക്കാനാണ് ധാരണ. റിസര്‍ച്ച് സെന്റര്‍ കാമ്പസിന് പുറത്തായതിനാല്‍ ലക്ഷ്മിനായരെ ഇവിടെ നിയമിക്കുന്നതില്‍ തടസമുണ്ടാകില്ലെന്നും മാനേജ്‌മെന്റ് വിലയിരുത്തുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ലോ അക്കാദമിയിലെ അധ്യയന വിഭാഗത്തില്‍നിന്ന് മാത്രമാണ് ലക്ഷ്മിനായര്‍ മാറ്റി നിര്‍ത്തപ്പെടുന്നത്. സെക്രട്ടറിയേറ്റിന് സമീപം പുന്നന്‍ റോഡിലെ ഫ്‌ളാറ്റിലാണ് ലോ അക്കാദമിയുടെ ഗവേഷണ വിഭാഗമായ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് (സി.എ. എല്‍.എസ്.എ.ആര്‍) പ്രവര്‍ത്തിക്കുന്നത്. ലോ അക്കാദമിക്ക് കീഴിലുള്ള സ്വതന്ത്ര സ്ഥാപനമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിന്റെ നോമിനികളും ലോ കോളജ് പ്രതിനിധികളും സാമൂഹിക ശാസ്ത്രജ്ഞരും ഉള്‍പ്പെട്ട എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് റിസര്‍ച്ച് സെന്ററിനെ നിയന്ത്രിക്കുന്നത്.
അതേസമയം, ലോ അക്കാദമിക്ക് പണ്ട് സര്‍ക്കാര്‍ അനുവദിച്ച ഭൂമിയില്‍ ആവശ്യത്തിനല്ലാതെ ഉപയോഗിക്കപ്പെടുന്ന ഭൂമി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തില്‍ റിസര്‍ച്ച് സെന്റര്‍ ഇരിക്കുന്ന ഫ്‌ളാറ്റും പരാമര്‍ശിക്കുന്നുണ്ട്. സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് സ്ഥലത്ത് ഫ്‌ളാറ്റ് കെട്ടി വില്‍പ്പന നടത്തുന്നത് നിയമപരമാണോയെന്ന് അന്വേഷിക്കണമെന്നാണ് വി.എസ് റവന്യൂമന്ത്രിയോട് ആവശ്യപ്പെട്ടത്. വി.എസിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ മന്ത്രി അന്വേഷണവും പ്രഖ്യാപിച്ചു. ലോ അക്കാദമി ഡയരക്ടറും ലക്ഷ്മിനായരുടെ പിതാവുമായ നാരായണന്‍ നായരുടെ സഹോദരനാണ് മുന്‍ എം.എല്‍.എ കോലിയക്കോട് കൃഷ്ണന്‍ നായര്‍. സംസ്ഥാന നേതൃത്വവും കേന്ദ്ര കമ്മിറ്റിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് വി.എസിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കാനും നടപടി താക്കീതില്‍ ഒതുക്കാനും തീരുമാനിച്ചത്. എന്നാല്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ സംസ്ഥാന സമിതിയില്‍ വി.എസിനെതിരേ കടന്നാക്രമണം നടത്തുകയായിരുന്നു. ഇത് വി.എസിനെ ചൊടിപ്പിച്ചു. അതുകൊണ്ട് തന്നെ പുതിയ സമരമുഖമായാണ് വി.എസ് ലോ അക്കാദമി വിഷയത്തെ കാണുന്നത്.

chandrika: