തിരുവനന്തപുരം: കണ്ണൂരില്‍ അടിക്കടിയുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മിനെ വിമര്‍ശിച്ചും ഉപദേശിച്ചും സിപിഐ മുഖപത്രം ജനയുഗം. കണ്ണൂരില്‍ നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന തലക്കെട്ടിലുള്ള മുഖപത്രത്തിലാണ് സിപിഐയുടെ വിമര്‍ശനം. കണ്ണൂരില്‍ ആര്‍എസ്എസും, സിപിഎമ്മും നടത്തിവരുന്ന വൈരരാഷ്ട്രീയത്തെ ശക്തമായി എതിര്‍ത്തും അതില്‍നിന്ന് മുക്തി നേടാനുള്ള മാര്‍ഗ്ഗങ്ങള്‍ കാണണമെന്നുമുള്ള ഉപദേശവും മുഖപത്രത്തിലുണ്ട്. ഒരാഴ്ച്ചക്കുള്ളില്‍ ഇത് രണ്ടാംതവണയാണ് സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ രംഗത്തുവരുന്നത്. ജയരാജന്റെ വിവാദനിയമനത്തിലും സിപിഐ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കണ്ണൂര്‍ വീണ്ടും ചോരക്കളമാകുന്നു. അവിടെനിന്നും വരുന്ന അശാന്തിയുടേയും അറുകൊലയുടേയും വാര്‍ത്തകള്‍ ജനാധിപത്യ വിശ്വാസികളെ അമ്പരിപ്പിക്കുന്നതാണ്. വിവിധ രാഷ്ട്രീയ വിശ്വാസങ്ങളും മതവിശ്വാസങ്ങളും സ്വഛന്തം പ്രവര്‍ത്തനം നടത്തുന്ന മതേതര ജനാധിപത്യ രാജ്യത്ത് ദാര്‍ഷ്ട്യംകൊണ്ടും ക്രൂരത വിതറി ഭയപ്പെടുത്തിക്കൊണ്ടും ആര്‍ക്കെങ്കിലും വിജയിക്കാമെന്ന് കരുതുന്നത് മൂഢതയാണ്.

ഏറ്റുമുട്ടലിന്റെ പാതയില്‍ ചോര വീഴ്ത്തുന്നത് ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകള്‍ക്ക് പുത്തരിയല്ല. ഒരു വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്‍കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നത് ഇന്നൊരു ചരിത്രദൗത്യമല്ല. ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ ഊന്നേണ്ട സമയവും ഊര്‍ജ്ജവും വിവാദങ്ങള്‍ സൃഷ്ടിച്ച് പാഴാക്കാതിരിക്കാന്‍ ഭരണനേതൃത്വം ശ്രദ്ധിക്കേണ്ടതാണ്. കൊലപാതക രാഷ്ട്രീയവും, രാഷ്ട്രീയ അഴിമതിയും ഇടതുപക്ഷത്തെ തകര്‍ക്കാനുള്ള ആയുധമാക്കാന്‍ ഒരവസരവും സൃഷ്ടിക്കാതിരിക്കാനുള്ള രാഷ്ട്രീയ പക്വത ഭരണരാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടാകണം.

കണ്ണൂരിലെ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന വൈര രാഷ്ട്രീയത്തിന്റെ വേരറുക്കാന്‍ വൈകിക്കൂടാ. ഇതൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. ശരിയായ രാഷ്ട്രീയ ദിശയില്‍ നിന്നുമുള്ള വ്യതിചലനം കൂടിയാണ്. കൊല്ലും കൊലവിളിയും നടത്തിയ ജന്മിത്വത്തിനെതിരെ സംഘടിത ചെറുത്തുനില്‍പ്പുകളിലൂടെ ഉയര്‍ന്നുപൊന്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നിരായുധരാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനശൈലി അന്യമല്ല തീര്‍ച്ച. അതാദ്യം കാണിച്ചുകൊടുക്കേണ്ടത് രാഷ്ട്രീയ നേതൃത്വങ്ങളാണ്. ആ ഒരാഹ്വാനം പ്രവര്‍ത്തകരിലേയ്ക്ക് പകര്‍ന്നുകൊടുക്കാന്‍ ഒരവസരം തന്നിരിക്കുന്നു ഇപ്പോള്‍ കണ്ണൂരിലുണ്ടായ സംഭവങ്ങള്‍- എന്നു പറയുന്നു സിപിഐയുടെ മുഖപത്രം.