കോഴിക്കോട്: ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് കെ.എം മാണിക്കെതിരെ നടത്തിയ സമരങ്ങളെല്ലാം തെറ്റായിപ്പോയെന്ന കുമ്പസാരവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍. മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അന്ന് സമരം ചെയ്തതെന്നും അദ്ദേഹം ബാര്‍ കോഴ നടത്തിയിട്ടില്ല എന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴയുടെ പേരില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ രാപ്പകല്‍ സമരം നടത്തുകയും സെക്രട്ടേറിയറ്റികത്തു കയ്യാങ്കളി നടത്തി ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടാക്കുകയും ചെയ്ത സി.പി.എമ്മാണ് ഇപ്പോള്‍ കുറ്റസമ്മതവുമായി രംഗത്തുവന്നിരിക്കുന്നത്.

കെ.എം മാണിയെന്ന മുതിര്‍ന്ന നേതാവിനെ പരമാവധി താറടിക്കാന്‍ ഈ ഘട്ടത്തില്‍ സി.പി.എം ശ്രമിച്ചിരുന്നു. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നായിരുന്നു ഒരു ആരോപണം. ഇത് വെറും രാഷ്ട്രീയമായ ആരോപണമായിരുന്നുവെന്നും അതൊക്കെ തെറ്റായിരുന്നു എന്ന് അറിയാമായിരുന്നു എന്നും വിജയരാഘവന്‍ പറഞ്ഞു. ജോസ് കെ. മാണിയെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിജയരാഘവന്റെ കുമ്പസാരമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജോസ് കെ. മാണി എല്‍.ഡി.എഫില്‍ വരുന്നതോടെ യു.ഡി.എഫ് ദുര്‍ബലമാകുമെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിനു വേണ്ടി എന്തും ചെയ്യാനും പറയാനും തങ്ങള്‍ക്ക് മടിയില്ലെന്ന് വ്യക്തമാക്കുന്നതാണ് എല്‍.ഡി.എഫ് കണ്‍വീനറുടെ പ്രസ്താവന.