തൃശ്ശൂര്‍: സിപിഎം നേതാക്കള്‍ക്കിടയിലെ ഭിന്നത മറനീക്കി പുറത്തേക്ക്. ഏരിയ കമ്മിറ്റി അംഗത്തിന്റെ മകള്‍ ഫെയ്‌സ് ബുക്കില്‍ ഇട്ട വിവാഹവാര്‍ഷിക ചിത്രത്തിന് ചുവടെ മറ്റൊരു അംഗം ആദരാഞ്ജലി എഴുതി. കോടതി നിര്‍ദേശപ്രകാരം സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

ചെന്ത്രാപ്പിന്നി വൈലപ്പിള്ളി വി.കെ. ജ്യോതിപ്രകാശിന്റെപേരിലാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്. വാടാനപ്പള്ളി ഇണ്ണാറന്‍ വീട്ടില്‍ ഐകെ വിഷ്ണുദാസിന്റെ മകളും കേരളവര്‍മ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ഐവി വിദ്യയും, ഭര്‍ത്താവും കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം കാമ്പസിലെ ഗവേഷകനുമായ പ്രേംശങ്കറും നല്‍കിയ പരാതിയിലാണ് നടപടി.

ഐകെ വിഷ്ണുദാസും ജ്യോതിപ്രകാശും സിപിഎം നാട്ടിക ഏരിയ കമ്മിറ്റി അംഗങ്ങളാണ്.വിഷ്ണുദാസ് സിപിഎം നിയന്ത്രണത്തിലുള്ള നാട്ടിക ഫര്‍ക്ക റൂറല്‍ ബാങ്ക് പ്രസിഡന്റാണ്. ഇവിടത്തെ നിയമോപദേശകനാണ് ജ്യോതിപ്രകാശ്. അനധികൃതമായി വായ്പ അനുവദിക്കുന്നതിനുള്‍പ്പെടെ ജ്യോതിപ്രകാശ് സമ്മര്‍ദം ചെലുത്തിയിരുന്നതായി വിഷ്ണുദാസ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ ഏരിയ കമ്മിറ്റി ജ്യോതിപ്രകാശിനോടൊപ്പമായിരുന്നു.

എന്നാല്‍ ഏരിയ കമ്മിറ്റിയെ അനുസരിക്കാന്‍ വിഷ്ണുദാസ് തയ്യാറായതുമില്ല. ഇത്തരം പ്രശ്‌നങ്ങളാണ് ‘ആദരാഞ്ജലി’ കമന്റിലേക്ക് നയിച്ചതെന്ന് പറയുന്നു.ആദരാഞ്ജലി കമന്റ് കടുത്ത മാനസികവിഷമം ഉണ്ടാക്കിയെന്നും പലരോടും ഇതുസംബന്ധിച്ച് വിശദീകരിക്കേണ്ടിവന്നുവെന്നും പരാതിയില്‍ പറയുന്നു.