X
    Categories: CultureMore

അക്രമം വ്യാപകം; ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സി.പി.എം

ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമുള്ള അക്രമങ്ങള്‍ കാരണം ത്രിപുരയിലെ 19 ചാരിലാം മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് സി.പി.എം പിന്മാറി. ഇക്കാര്യം കാണിച്ച് സി.പി.എം ഗവര്‍ണര്‍ക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും കത്തയച്ചു.

സി.പി.എം സ്ഥാനാര്‍ത്ഥി രമേന്ദ്ര നാരായണ്‍ ദേബ്ബര്‍മയുടെ മരണത്തെ തുടര്‍ന്നാണ് പട്ടിക ജാതി മണ്ഡലമായ ചരിലാമിലെ തെരഞ്ഞെടുപ്പ് മാര്‍ച്ച് 12-ലേക്ക് നീട്ടിവെച്ചത്. ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് താറുമാറായ ക്രമസമാധാന നില സാധാരണ ഗതിയിലാകുന്നതു വരെ നീട്ടിവെക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചില്ല.

സി.പി.എം – ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമങ്ങളാണ് ത്രിപുരയില്‍ നടക്കുന്നതെന്നും കൊള്ളയും കയ്യേറ്റവും തീവെപ്പും നിര്‍ബന്ധിത ഒഴിപ്പിക്കലും നടക്കുന്നുണ്ടെന്നും കമ്മീഷനയച്ച കത്തില്‍ സി.പി.എം ചൂണ്ടിക്കാട്ടുന്നു. 19 ഇടതുപക്ഷ നേതാക്കളെ ശാരീരികമായി അക്രമിക്കുകയും ചെയ്തു.

സ്ഥിതിഗതികള്‍ സാധാരണ ഗതിയിലാകുന്നതു വരെ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഇടതു മുന്നണി യോഗം, തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സി.പി.എം സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുമെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: