കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന് പരിക്കേറ്റു. രാജേഷ് എന്നയാള്‍ക്കാണ് പരിക്കേറ്റത് എന്ന് ജെയ്ഹിന്ദ് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടുവനാട് തളച്ചങ്ങാട് എ.കെ.ജി നഗറിലെ വീട്ടിലാണ് സ്‌ഫോടനം നടന്നത്. വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. പ്രദേശത്ത് മുമ്പും സ്‌ഫോടനങ്ങള്‍ ഉണ്ടായിട്ടുള്ളതായി പ്രദേശവാസികളെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ പൊന്ന്യത്ത് നരിവയലില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. സ്‌ഫോടനത്തില്‍ ടി.പി വധക്കേസ് പ്രതി എം റമീഷിന്റെ ഇരു കൈകളും തകര്‍ന്നിരുന്നു. നിര്‍മിച്ചുവെച്ചിരുന്ന 12 സ്റ്റീല്‍ ബോംബുകളും അന്ന് കണ്ടെടുത്തിരുന്നു. ടിപി വധക്കേസിലെ 28-ാം പ്രതിയാണ് റമീഷ്.