X

സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ത്തു; മഹീഷാദളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്ത്

സി.പി.എമ്മും ബി.ജെ.പിയും കൈകോര്‍ത്തതോടെ പശ്ചിമ ബംഗാളിലെ മഹീഷാദളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പുറത്ത്. ടിഎംസിയെ അകറ്റി നിര്‍ത്താന്‍ ബുധനാഴ്ച്ചയാണ് ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ മഹീഷാദളില്‍ ബി.ജെ.പിയും സി.പി.എമ്മും ചേര്‍ന്ന് ബോര്‍ഡ് രൂപീകരിച്ചത്. പഞ്ചായത്തില്‍ ബിജെപിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും 8 സീറ്റുകള്‍ വീതവും സി.പി.എമ്മിന് 2 സീറ്റുമാണ് ഉള്ളത്. തുടര്‍ന്ന് ഇരുവരും കൈകോര്‍ത്തതോടെ ബി.ജെ.പിയുടെ ശുഭ്രാ പാണ്ഡ പ്രധാനും സി.പി.എമ്മിലെ പരേഷ് പനിഗ്രാഹി ഉപ പ്രധാനുമായും ചുമതലയേറ്റു.

ബോര്‍ഡ് രൂപീകരണത്തെചൊല്ലി രാവിലെ മുതല്‍ പഞ്ചായത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ പ്രാദേശികാടിസ്ഥാനത്തില്‍ ബി.ജെ.പിയും സി.പി.എമ്മും കൈകോര്‍ത്തതോടെ ടിഎംസി പുറത്താവുകയായിരുന്നു. പ്രാദേശിക തലത്തിലുള്ള കൂട്ടായ്മ മാത്രമാണ് രൂപീകരിക്കപ്പെട്ടതെന്ന് സി.പി.എം പഞ്ചായത്ത് അംഗം ബുലു പ്രസാദ് ജന പ്രതികരിച്ചു.

ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ കൈകോര്‍ക്കലാണ്. പ്രാദേശിക ജനവികാരം മാനിച്ചാണ് നിലവിലെ കൈകോര്‍ക്കല്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രാദേശിക തലത്തിലെ കൈകോര്‍ക്കലുകള്‍ സംസ്ഥാനദേശീയ തലങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്ന് ബി.ജെ.പി വക്താവ് ഷാമിക് ഭട്ടാചാര്യയും പ്രതികരിച്ചു. അതേസമയം നീക്കത്തെ അവിഹിത കൂട്ടുകെട്ടെന്നാരോപിച്ച് തൃണമൂല്‍ രംഗത്തെത്തി.

webdesk13: