തിരുവനന്തപുരം: സിപിഎം പാര്‍ട്ടി സമ്മേളനങ്ങളില്‍ മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് ഔദ്യോഗിക ക്ഷണമില്ല. 14 ജില്ലകളിലെയും സിപിഎം സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ടെങ്കിലും വി.എസിനു ഒറ്റ ജില്ലയിലേക്കു പോലും ക്ഷണം ലഭിച്ചിട്ടില്ല. ഇതിനെതിരെ അതൃപ്തി അറിയിച്ച് വി.എസ് അനുകൂലികര്‍ കേന്ദ്രനേതൃത്വത്തിനെതിരെ രംഗത്തുവന്നു. പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് വി.എസ്. സമ്മേളനങ്ങളുടെ ചിത്രത്തില്‍ പോലുമില്ലാത്തെ അദ്ദേഹത്തെ പാര്‍ട്ടി അവഹേളിക്കുന്നതിന്റെ തെളിവാണിതെന്നാണ് അദ്ദേഹത്തിന്റെ അനുഭാവികള്‍ പറയുന്നത്. വി.എസിന്റെ സ്വന്തം മണ്ഡലമായ മലമ്പുഴ സ്ഥിതി ചെയ്യുന്ന പാലക്കാട് ജില്ലയിലെ പാര്‍ട്ടി സമ്മേളനത്തില്‍ പോലും വി.എസിന് ക്ഷണം ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ ആലപ്പുഴ സമ്മേളനത്തില്‍ നിന്ന്് വി.എസ് അച്യുതാനന്ദന്‍ ഇറങ്ങിപോയിരുന്നു. അന്ന് ആ സമ്മേളനത്തിന്റെ നിറം കെടുത്തിയെന്ന് ഔദ്യോഗിക പക്ഷം കുറ്റപ്പെടുത്തിയിരുന്നു. ഇതായിരിക്കാം ഇത്തവണ വി.എസിനെ ഒരു സമ്മേളനത്തിലേക്കും ക്ഷണിക്കാതിരുന്നതെന്നാണ് വിവരം.