കണ്ണൂര്‍: അക്രമസംഭവങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്കാന്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയായി. സിപിഎം നേതാക്കളും ബിജെപി-ആര്‍എസ്എസ് നേതാക്കളുമായി കണ്ണൂരില്‍ ചേര്‍ന്ന സമാധാനയോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കു്ട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഒരു തരത്തിലുമുള്ള സംഘര്‍ഷങ്ങളും ഉണ്ടാകരുതെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത് ആളിക്കത്തിക്കാതെ പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കാമെന്ന് ഇരുപാര്‍ട്ടികളും സമ്മതിച്ചു. അടുത്ത പത്തു ദിവസത്തിനകം രണ്ടു പാര്‍ട്ടികളിലെയും അണികളെ ഈ സന്ദേശം അറിയിക്കണം. ഇതിനായി കീഴ്ഘടകം വരെ ഇരുപാര്‍ട്ടികളും യോഗങ്ങള്‍ വിളിക്കും. തലശ്ശേരിയിലും പയ്യന്നൂരിലും ഇരുപാര്‍ട്ടികളും പ്രാദേശിക നേതാക്കളെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തും.