X

എകെജിയുടെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് സിപിഎം; കരുതല്‍ തടങ്കലില്‍ വിമര്‍ശനവുമായി വി.ടി. ബല്‍റാം

തൃത്താലയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയതില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.

എ.കെ.ഗോപാലന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാരെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റന്‍ഷന്‍ അഥവാ കരുതല്‍ തടങ്കലിനെതിരെയായിരുന്നു.ആ എ.കെ.ഗോപാലന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി ഇന്ന് തൃത്താലയില്‍ ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റന്‍ഷന്‍ അഥവാ കരുതല്‍ തടങ്കലിനെതിരെയായിരുന്നു. പ്രിവന്റീവ് ഡിറ്റന്‍ഷന്‍ എന്നത് ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇന്ന് ഭരണഘടനാ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠ്യവിഷയമാണ് എ.കെ.ഗോപാലന്‍ V. സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന ഈ കേസ്.

ആ എ.കെ.ഗോപാലന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി ഇന്ന് തൃത്താലയില്‍ ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. പുലര്‍ച്ചെ 6 മണിക്ക് മുമ്പാണ് നിരവധി പോലീസുകാര്‍ വീട് വളഞ്ഞ് ഭീകരവാദികളെപ്പോലെ ഈ പൊതുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിരുത്തിയത്.

പോലീസ് സൃഷ്ടിച്ച ഈ പ്രകോപനത്തിന് മറുപടി എന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ രണ്ട് സ്ഥലങ്ങളില്‍ കേരളത്തിലെ നമ്പര്‍ വണ്‍ ഭീരുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഇങ്ങനെയൊരു പ്രതിഷേധം നേരത്തേ തീരുമാനിച്ചിരുന്നതല്ല. യുഡിഎഫിന്റെ പഞ്ചായത്ത് ജനപ്രതിനിധികളടക്കം പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ടാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.

എ.കെ.ഗോപാലന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാര്‍.

 

webdesk11: