Connect with us

kerala

എകെജിയുടെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് സിപിഎം; കരുതല്‍ തടങ്കലില്‍ വിമര്‍ശനവുമായി വി.ടി. ബല്‍റാം

സി.പി.എമ്മിനുമെതിരെ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.

Published

on

തൃത്താലയില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കിയതില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ കടുത്ത വിമര്‍ശനവുമായി കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.

എ.കെ.ഗോപാലന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാരെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റന്‍ഷന്‍ അഥവാ കരുതല്‍ തടങ്കലിനെതിരെയായിരുന്നു.ആ എ.കെ.ഗോപാലന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി ഇന്ന് തൃത്താലയില്‍ ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബല്‍റാം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പഴയ കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യം നടത്തിയ നിയമ പോരാട്ടം പ്രിവന്റീവ് ഡിറ്റന്‍ഷന്‍ അഥവാ കരുതല്‍ തടങ്കലിനെതിരെയായിരുന്നു. പ്രിവന്റീവ് ഡിറ്റന്‍ഷന്‍ എന്നത് ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇന്ന് ഭരണഘടനാ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാഠ്യവിഷയമാണ് എ.കെ.ഗോപാലന്‍ V. സ്റ്റേറ്റ് ഓഫ് മദ്രാസ് എന്ന ഈ കേസ്.

ആ എ.കെ.ഗോപാലന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം കൂടിയായ കേരള മുഖ്യമന്ത്രി ഇന്ന് തൃത്താലയില്‍ ഒരു പരിപാടിക്ക് വരുന്നതിന്റെ ഭാഗമായി ജനപ്രതിനിധിയടക്കം നാല് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിലാക്കിയത്. പുലര്‍ച്ചെ 6 മണിക്ക് മുമ്പാണ് നിരവധി പോലീസുകാര്‍ വീട് വളഞ്ഞ് ഭീകരവാദികളെപ്പോലെ ഈ പൊതുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നിരുത്തിയത്.

പോലീസ് സൃഷ്ടിച്ച ഈ പ്രകോപനത്തിന് മറുപടി എന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ രണ്ട് സ്ഥലങ്ങളില്‍ കേരളത്തിലെ നമ്പര്‍ വണ്‍ ഭീരുവിനെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഇങ്ങനെയൊരു പ്രതിഷേധം നേരത്തേ തീരുമാനിച്ചിരുന്നതല്ല. യുഡിഎഫിന്റെ പഞ്ചായത്ത് ജനപ്രതിനിധികളടക്കം പൂര്‍ണ്ണമായി സഹകരിച്ചുകൊണ്ടാണ് ഇദ്ദേഹം ഉദ്ഘാടനം ചെയ്യുന്ന പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്.

എ.കെ.ഗോപാലന്റെ രാഷ്ട്രീയത്തെ നിരന്തരം അവഹേളിക്കുകയാണ് തൃത്താലയിലേയും കേരളത്തിലേയും സിപിഎമ്മുകാര്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴസാധ്യത കണക്കിലെടുത്ത് കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ഇടിമിന്നലോട് കൂടിയ നേരിയ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത രണ്ട് മണിക്കൂറില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മഴസാധ്യത കണക്കിലെടുത്ത് കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Continue Reading

kerala

ശബരിമലയില്‍ വന്‍തിരക്ക്; ദര്‍ശനം കിട്ടാതെ ആയിരങ്ങള്‍

പൊലീസും നിയന്ത്രണ സംവിധാനങ്ങളും കാഴ്ചക്കാരായി മാറിയെന്നാണ് ആരോപണം.

Published

on

ശബരിമല: മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനം ആരംഭിച്ച് മൂന്നുദിവസം കഴിയുമ്പോള്‍ സന്നിധാനത്ത് അമിത തിരക്കാണ് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറ്റം താളം തെറ്റി തീര്‍ത്ഥാടകര്‍ ബാരിക്കേഡുകള്‍ മറികടന്ന് സന്നിധാനത്തേക്ക് ഒഴുകിയതോടെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചു. പൊലീസും നിയന്ത്രണ സംവിധാനങ്ങളും കാഴ്ചക്കാരായി മാറിയെന്നാണ് ആരോപണം. അനിയന്ത്രിത തിരക്കിനെ തുടര്‍ന്നു ദര്‍ശനം നടത്താനാകാതെ ആയിരങ്ങളാണ് മലയിറങ്ങിയത്. കനത്ത വെയിലില്‍ കുട്ടികള്‍ ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ വലയുകയും കുടിവെള്ളവും ഭക്ഷണവും ലഭിക്കാത്തതിനാല്‍ ദുരിതമനുഭവിക്കുകയുമാണ്. സ്ഥിതി രൂക്ഷമായതിനെ തുടര്‍ന്ന് തിരക്ക് നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ എഡിജിപി എസ്. ശ്രീജിത്തിന് കത്ത് നല്‍കി. സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസറെ വിളിച്ചുവരുത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു. ദര്‍ശനത്തിനായി ഇപ്പോള്‍ 10 മണിക്കൂറിലധികം കാത്തിരിപ്പ് നേരിടേണ്ട അവസ്ഥയാണ്. ഇന്നലെ ശരാശരി ആറു മണിക്കൂര്‍ കാത്തിരിപ്പിന് ശേഷമാണ് ഭൂരിഭാഗം തീര്‍ഥാടകരും ദര്‍ശനം നടത്താന്‍ കഴിഞ്ഞത്. സന്നിധാനത്തില്‍ തിരക്ക് നിയന്ത്രണം പമ്പയിലും നിലയ്ക്കലിലും നിന്ന് തുടങ്ങണമെന്നാണ് പുതിയ നീക്കം. തിരക്കിന്റെ തോത് വിലയിരുത്തി പമ്പ നിലയ്ക്കല്‍ മേഖലകളില്‍ നിന്നുള്ള തീര്‍ഥാടക പ്രവേശനം ക്രമീകരിക്കാന്‍ ഉദ്ദേശിക്കുന്നു. തിരക്ക് കാരണം ദര്‍ശനം സാധിക്കാതിരുന്ന തമിഴ്‌നാട്, കര്‍ണാടക സ്വദേശികളായ തീര്‍ഥാടകര്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുംവിധം മാറ്റം വന്നതും ശ്രദ്ധേയമാണ്. നൂറിലധികം പേര്‍ ഇപ്രകാരം വഴിമാറി. മണ്ഡല മകരവിളക്ക് തുറന്ന നവംബര്‍ 16 വൈകിട്ട് അഞ്ച് മുതല്‍ ഇന്ന് ഉച്ചയ്ക്ക് 12 വരെ 1,96,594 പേര്‍ ദര്‍ശനത്തിനായി എത്തിയതായി കണക്ക്. ഇതില്‍ വിര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിംഗ് എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്.

Continue Reading

kerala

ശബരിമല തീര്‍ത്ഥാടകരുടെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ട-എരുമേലി റോഡിലെ കണമലയില്‍ അപകടം നടന്നത്.

Published

on

പത്തനംതിട്ട: ശബരിമലയിലേക്ക് പോയിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തില്‍പ്പെട്ടു. ഇന്ന് ഉച്ചയോടെയാണ് പത്തനംതിട്ട-എരുമേലി റോഡിലെ കണമലയില്‍ അപകടം നടന്നത്. കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന 33 അയ്യപ്പഭക്തരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്നവര്‍ക്കൊക്കെ പരിക്കേറ്റിട്ടുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഇന്ന് തിരുവനന്തപുരത്തും ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിന് അപകടമുണ്ടായി. കഴക്കൂട്ടം പള്ളിപ്പുറം പ്രദേശത്ത് ദേശീയപാതയിലെ നിര്‍മാണഭാഗത്ത് വാഹനം തെന്നിമാറി തലകീഴായി മറിഞ്ഞതാണ്. വാഹനത്തിലെ എല്ലാവരെയും രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീര്‍ത്ഥാടനം സീസണ്‍ ആരംഭിച്ചിട്ടുള്ള സാഹചര്യത്തില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ ഈ അപകടങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വീണ്ടും ആശങ്ക ഉയര്‍ത്തുകയാണ്.

Continue Reading

Trending