X

ക്രിക്കറ്റ് ലോകകപ്പ് ഉദ്ഘാടനവും ഫൈനലും നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍; ബിസിസിഐയുടെ പിഴവെന്ന് പ്രതിപക്ഷം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സ്‌റ്റേഡിയത്തെ ചൊല്ലി വിവാദം. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന് മുന്‍തൂക്കം നല്‍കിയെന്നാരോപിച്ച് ശശി തരൂര്‍, മനീഷ് തിവാരി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ രംഗത്തെത്തി. ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട്‌ന്യൂസിലന്‍ഡ് ഉദ്ഘാടന മത്സരം, ഇന്ത്യപാക്കിസ്ഥാന്‍ പോരാട്ടം, ലോകകപ്പ് ഫൈനല്‍ എന്നിവ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് നടക്കുന്നത്.

ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സ്‌റ്റേഡിയമായി വിലയിരുത്തപ്പെടുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തെ ഒഴിവാക്കിയത് നിശാരപ്പെടുത്തുന്നതാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ‘അഹമ്മദാബാദ് ഇന്ത്യയുടെ ക്രിക്കറ്റ് തലസ്ഥാനമായി മാറുകയാണ്. പക്ഷെ, ഒന്നോ രണ്ടോ മത്സരമെങ്കിലും കേരളത്തിന് അനുവദിച്ച് കൂടെ?.’ എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.

‘ഇതൊരു നീണ്ട ടൂര്‍ണമെന്റാണ്. ആ സന്തോഷം എല്ലാവരിലേക്കും ഒരുപോലെ എത്തിക്കാമായിരുന്നു. തിരുവനന്തപുരത്തിനും മൊഹാലിക്കും റാഞ്ചിക്കും ലോകകപ്പ് മത്സരം നടത്താന്‍ അവസരം നല്‍കണമായിരുന്നു. ഏതെങ്കിലും ഒരു പ്രത്യേക വേദിക്ക് 4, 5 മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ അവസരം നല്‍കേണ്ടിയിരുന്നില്ല. ഇത് ബി.സി.സി.ഐയുടെ ഭാഗത്ത് നിന്നുണ്ടായ വലിയ പിഴവാണ്.’ ശശി തരൂര്‍ പറഞ്ഞു.

2011 ല്‍ ഇന്ത്യപാക്കിസ്ഥാന്‍ സെമി ഫൈനല്‍ നടന്ന പഞ്ചാബിലെ മൊഹാലി സ്‌റ്റേഡിയം പൂര്‍ണമായും ഒഴിവാക്കിയത് എന്തിനാണെന്ന് മനീഷ് തിവാരി എംപി ഉന്നയിച്ചു. സമാന വിഷയം ഉയര്‍ത്തി തൃണമൂല്‍ വക്താവ് സാകേത് ഗോഖലേയും രംഗത്തെത്തി.

‘2023 ലെ ഐപില്‍ ഉദ്ഘാടന മത്സരവും ഫൈനല്‍ മത്സരവും സംഘടിപ്പിച്ചത് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍. ഇപ്പോഴിതാ, ലോക കപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരവും ഫൈനല്‍ മത്സരവും അതേ സ്‌റ്റേഡിയത്തില്‍. ബിസിസിഐ സെക്രട്ടറിയും അമിത്ഷായുടെ പുത്രനുമായ ജെയ്‌ഷെ ഗുജറാത്തിന് മുന്‍തൂക്കം ഉറപ്പിച്ചിട്ടുണ്ട്.’ എന്നായിരുന്നു സാകേത് ഗോഖലേയുടെ ട്വീറ്റ്. പഞ്ചാബിന് അവസരം നല്‍കാതിരുന്നത് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും ഇക്കാര്യം ബിസിസിഐയില്‍ ഉന്നയിക്കുമെന്നും കായിക മന്ത്രി ഗുര്‍മീത് സിംഗും പ്രതികരിച്ചു.

അതേസമയം ലക്‌നൗ, ഗുവാഹത്തി ഉള്‍പ്പെടെ ഇത്തവണ നിരവധി പുതിയ സ്‌റ്റേഡിയങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിഷയത്തില്‍ ബിബിസിഐയുടെ വിശദീകരണം. ‘ആദ്യമായാണ് 12 ഇടങ്ങള്‍ ലോകകപ്പ് ക്രിക്കറ്റിന് വേദിയാവുന്നത്. ഇതില്‍ പലതും നേരത്തെ ലോകകപ്പ് സംഘടിപ്പിച്ച ഇടങ്ങളല്ല. ഇതില്‍ വാം അപ്പ് മാച്ച് തിരുവനന്തപുരത്തും ഗുവാഹത്തിയിലും ലീഗ് മാച്ചുകള്‍ മറ്റിടങ്ങളിലുമാണ് നടക്കുക.’ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

webdesk13: