X

മാഞ്ചസ്റ്ററില്‍ രോഹിത് ഷോ ; ഇന്ത്യക്ക് മികച്ച സ്‌കോര്‍

ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് 337 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തു.

ഇടയ്ക്കുവെച്ച് മഴ കാരണം മത്സരം തടസപ്പെട്ടിരുന്നു. ഇന്ത്യ 46.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്. പിന്നീട് മത്സരം പുനഃരാരംഭിക്കുകയായിരുന്നു.

ഇന്ത്യന്‍ ടോപ്പ് ഓര്‍ഡര്‍ മികച്ച പ്രകടനം കാഴ്ചവെച്ച മത്സരത്തില്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 85 പന്തുകളില്‍ നിന്ന് തന്റെ 24ാം ഏകദിന സെഞ്ചുറി തികച്ച രോഹിത് 113 പന്തില്‍ നിന്ന് മൂന്നു സിക്‌സും 14 ബൗണ്ടറികളുമടക്കം 140 റണ്‍സെടുത്ത് പുറത്തായി. ഹസന്‍ അലിയുടെ പന്തില്‍ വഹാബ് റിയാസിന് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. ഈ ലോകകപ്പില്‍ രോഹിത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്.
65 പന്തില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 77 റണ്‍സെടുത്ത ക്യാപ്റ്റന്‍ കോലിയും ഇന്ത്യയ്ക്കായി തിളങ്ങി.
രോഹിത് ലോകേഷ് രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് നല്‍കിയത്. 23.5 ഓവറില്‍ 136 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 78 പന്തില്‍ നിന്ന് 57 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.

ഇതിനിടെ മത്സരത്തില്‍ 57 റണ്‍സ് നേടിയതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 11,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടം സച്ചിനെ മറികടന്ന് കോലി സ്വന്തമാക്കി. 222 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി ഈ നേട്ടം പിന്നിട്ടത്. സച്ചിന് 11,000 റണ്‍സ് തികയ്ക്കാന്‍ 276 ഇന്നിങ്‌സുകള്‍ വേണ്ടിവന്നിരുന്നു.

web desk 3: