സൂറിച്ച്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ മറ്റാരുമല്ല-റൊണാള്‍ഡോ എന്ന പോര്‍ച്ചുഗല്‍ ഇതിഹാസം തന്നെ. ഫിഫ പോയ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോളറെ പ്രഖ്യാപിച്ചപ്പോള്‍ അത് എല്ലാവരും പ്രതീക്ഷിച്ച താരത്തിന് തന്നെയായി. 2016 ലെ മികവിന് റൊണാള്‍ഡോ സ്വന്തമാക്കുന്ന മൂന്നാമത് പുരസ്‌ക്കാരം. പോയ മാസം ബാലന്‍ഡിയോര്‍ സ്വന്തമാക്കിയ റൊണാള്‍ഡോ അര്‍ജന്റീനയുടെ ബാര്‍സിലോണ താരം ലിയോ മെസി, ഫ്രാന്‍സിന്റെ അത്‌ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രിസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ഒന്നാമനായത്. മികച്ച വനിതാ പരിശീലകയായി ജര്‍മനിയുടെ സില്‍വിയ നിഡ് തെരഞ്ഞെടുക്കപ്പെട്ടു.

റിയോ ഒളിംപിക്‌സില്‍ വനിതാ ഫുട്‌ബോള്‍ കിരീടം ജര്‍മനിക്ക് സമ്മാനിച്ച പരിശീലകയാണ് സില്‍വിയ. താരമായും കോച്ചായുമെല്ലാം ജര്‍മന്‍ വനിതാ ഫുട്‌ബോളിന് നല്‍കിയ സംഭാവനകളും പരിഗണിച്ചു. ഫിഫ ഫാന്‍ അവാര്‍ഡ് ബൊറൂഷ്യ ഡോര്‍ട്ട്മണ്ടിനും ലിവര്‍പൂള്‍ ഫാന്‍സിനുമാണ്. ഫിഫ ടീം ഇതാണ്: ഗോള്‍ക്കീപ്പര്‍ മാനുവന്‍ നൂയര്‍, ഡിഫന്‍ഡര്‍മാര്‍-ഡാനി ആല്‍വസ്, ജെറാര്‍ഡ് പികെ, സെര്‍ജിയോ റാമോസ്, മാര്‍സിലോ. മധ്യനിര- ലുകാ മോദ്രിച്ച്, ടോണി ക്രൂസ്, ഇനിയസ്റ്റ. മുന്‍നിര- ലിയോ മെസി, ലൂയി സുവാരസ്, കൃസ്റ്റിയാനോ റൊണാള്‍ഡോ.

ഫെയര്‍ പ്ലേ അവാര്‍ഡിന് കൊളംബിയയിലെ അത്‌ലറ്റികോ നാഷണല്‍ ക്ലബ് തെരഞ്ഞെടുക്കപ്പെട്ടു. ബ്രസീല്‍ ക്ലബായ ഷെപ്പനാജുമായി കോപ്പാ സുദാഅമേരിക്ക ഫൈനല്‍ കളിക്കാന്‍ തയ്യാറായ ടീമാണ് അത്‌ലറ്റികോ നാഷണല്‍. ബ്രസീല്‍ ക്ലബിലെ താരങ്ങള്‍ വിമാനാപകടത്തില്‍ മരിച്ചപ്പോള്‍ ആ ഫൈനല്‍ ഉപേക്ഷിച്ചവരാണ് കൊളംബിയന്‍ ക്ലബ്. മികച്ച പരിശീലകനായി റയല്‍ മാഡ്രിഡിന്റെ സൈനുദ്ദീന്‍ സിദാനെ പിന്തള്ളി ലെസസ്റ്റര്‍ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിച്ച ക്ലോഡിയോ റെനേരിക്കാണ്.

അദ്ദേഹത്തിനുള്ള പുരസ്‌ക്കാരം മറഡോണ സമ്മാനിച്ചു. മികച്ച ഗോളിനുള്ള പുഷ്‌ക്കാസ് പുരസ്‌ക്കാരം മലേഷ്യയുടെ മുഹമ്മദ് ഫായിസ് സുബ്രി സ്വന്തമാക്കി. മലേഷ്യന്‍ സൂപ്പര്‍ ലീഗില്‍ നേടിയ തകര്‍പ്പന്‍ ഗോളിനാണ് പുരസ്‌ക്കാരം. കാര്‍ലി ലോയിഡാണ് മികച്ച വനിതാ താരം