X

ഖത്തറില്‍ ഇന്ന് ക്രൊയേഷ്യ-മൊറോക്കോ പോരാട്ടം

ലോകകപ്പിന്റെ ഉദ്ഘാടന വേദിയായ അല്‍ബൈത്തില്‍ ഇന്ന് 3.30 ന് ക്രൊയേഷ്യക്കാരുടെ വരവ്. നാല് വര്‍ഷം മുമ്പ് റഷ്യയില്‍ നടന്ന ലോകകപ്പില്‍ ഫൈനല്‍ കളിച്ച ലുക്കാ മോഡ്രിച്ചിന്റെ സംഘം. മറുഭാഗത്ത് ആഫ്രിക്കന്‍ പ്രതിനിധികളായ മൊറോക്കോക്കാര്‍. ഒറ്റനോട്ടത്തില്‍ വ്യക്തമായ സാധ്യത ക്രോട്ടുകാര്‍ക്ക് തന്നെ. പക്ഷേ അവസാന ലോകകപ്പിലെ നേട്ടം പറഞ്ഞ് ഇത്തവണ കളത്തിലിറങ്ങില്ലെന്നാണ് നായകന്‍ മോഡ്രിച്ച് തന്നെ പറഞ്ഞത്.

അഞ്ച് തവണ ലോകകപ്പിന്റെ ഫൈനല്‍ റൗണ്ട് കളിച്ചിരിക്കുന്നു ക്രോട്ടുകാര്‍. മൂന്ന് തവണ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായവര്‍. പക്ഷേ ഡെവര്‍ സുക്കര്‍ മിന്നിയ ലോകകപ്പിലും മോഡ്രിച്ച് തിളങ്ങിയ ലോകകപ്പിലും ക്രോട്ടുകാര്‍ പ്രതിയോഗികളെ വിറപ്പിച്ചിരുന്നു. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ കരുത്തരായിരുന്നു അവര്‍. നാഷന്‍സ് ലീഗിലാവട്ടെ ഫ്രാന്‍സും ഡെന്മാര്‍ക്കും അണിനിരന്ന ഗ്രൂപ്പിലും മികച്ച പ്രകടനം. ഇന്നത്തെ മല്‍സരത്തില്‍ അഭിപ്രായം തേടിയപ്പോള്‍ സ്‌ട്രൈക്കര്‍ മാര്‍കോ ലിവായ പറഞ്ഞത് മൊറോക്കോ ആഫ്രിക്കന്‍ വീര്യമുള്ളവരാണെന്നും ഒരു തരത്തിലും മല്‍സരം എളുപ്പമുള്ളതായിരിക്കില്ലെന്നുമാണ്. നല്ല തുടക്കം ലഭിച്ചാല്‍ അത് ഖത്തര്‍ യാത്രയില്‍ വലിയ മുതല്‍ക്കൂട്ടാവുമെന്നാണ് ആന്ദ്രേസ് ക്രമാരിച് പറഞ്ഞത്. അതേ സമയം മൊറോക്കോക്കാര്‍ ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം ഘട്ടത്തില്‍ കളിച്ച ആറ് മല്‍സരങ്ങളിലും വിജയം നേടിയവരാണ്. മാത്രമല്ല 20 ഗോളുകള്‍ ഇത്രയും മല്‍സരങ്ങളില്‍ സ്‌കോര്‍ ചെയ്തപ്പോള്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.

യോഗ്യതാ ഘട്ടത്തിന്റെ അവസാനത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ 5-2 ന് തകര്‍ത്തായിരുന്നു ഖത്തര്‍ ടിക്കറ്റ് നേടിയത്. പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കായി കളിക്കുന്ന ഹക്കീം സിയേചിയാണ് ടീമിന്റെ കുന്തമുന. പി.എസ്.ജിയുടെ അഷ്‌റഫ് ഹക്കീമി, സെവിയയുടെ യൂസഫ് എന്‍ നാസിരി എന്നിവരും വിഖ്യാതരാണ്.

web desk 3: