പാറ്റ്‌ന: അനില്‍ അംബാനിയെപ്പോലുള്ള കോടീശ്വരന്‍മാര്‍ക്ക് 30,000 കോടി നല്‍കിയ മോദി പാവപ്പെട്ട കര്‍ഷകര്‍ക്ക് ദിവസം വെറും 17 രൂപ മാത്രമാണ് നല്‍കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാറ്റ്‌നയിലെ ഗാന്ധി മൈതാനിയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുമ്പോഴാണ് രാഹുല്‍ മോദിക്കെതിരെ കടന്നാക്രമിച്ചത്.

മോദി വാഗ്ദാനം ചെയ്തതുപോലെ 15 ലക്ഷം രൂപ കിട്ടിയ ആരെങ്കിലുമുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാരെ രാഹുല്‍ അഭിനന്ദിച്ചു.

ബീഹാറിലെ ബി.ജെ.പി-ജെ.ഡി.യു സഖ്യം അടുത്ത തെരഞ്ഞെടുപ്പില്‍ താഴെ വീഴുമെന്ന് രാഹുല്‍ പറഞ്ഞു. വിദ്യാഭ്യാസവും തൊഴില്‍, കാര്‍ഷിക അവസരങ്ങളും ബീഹാറില്‍ മോശം നിലയിലാണ്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലോ മഹാരാഷ്ട്രയിലോ എത്തുന്ന ബീഹാറി യുവാക്കളെ അവര്‍ ആക്രമിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.