ന്യുഡല്‍ഹി: ജി.എസ്.ടി നടപ്പിലാക്കിയത് ഇന്ത്യയിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ക്ക് വന്‍ തൊഴിലവസരമാണ് സൃഷ്ടിച്ചതെന്ന സ്മൃതി ഇറാനിയുടെ ട്വീറ്റിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ചരക്ക് സേവന നികുതി ആര്‍ക്കൊക്കെ ഗുണം ചെയ്തുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കണ്ടെത്തലിനാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പരിഹാസപ്പെരുമഴയായിരിക്കുന്നത്. ഡിഎന്‍എ ഇന്ത്യയുടെ ഒരു വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സ്മൃതിയുടെ പോസ്റ്റ്. ഇന്ത്യയിലെ ചാര്‍ട്ടേഴ്ഡ് അക്കൌണ്ടന്‍മാര്‍ക്ക് ജിഎസ്ടി ഗുണമായെന്നും സിഎ തൊഴില്‍ അവസരങ്ങള്‍ വര്‍ധിച്ചുവെന്നുമാണ് മന്ത്രിയുടെ പോസ്റ്റ്.

ഇതോടെ നിരവധി പേരാണ് മന്ത്രിയെ പരിഹസിച്ച് കൊണ്ട് രംഗത്തെത്തിയത്. ഭൂകമ്പമുണ്ടാകുന്നത് നിര്‍മാണ തൊഴിലാളികള്‍ക്ക് ഗുണമാകുമെന്നും തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്നും പറയാത്തത് ഭാഗ്യമെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഡെങ്കിപ്പനിയുണ്ടാകുന്നത് സ്വകാര്യ ആശുപത്രികള്‍ക്ക് ഗുണമായെന്ന് മറ്റൊരാള്‍. തീവ്രവാദികള്‍ ആളുകളെ കൊല്ലുന്നത് സെമിത്തേരി തൊഴില്‍ അവസരം ഉയര്‍ത്തുമെന്ന് മറ്റൊരു പരിഹാസം.

അതെ..ഇതുപോലെ ആക്സിഡന്റുകള്‍ ഹോസ്പിറ്റലുകള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്നു, തീപിടുത്തം ഫയര്‍ സ്റ്റേഷനുകള്‍ക്കും വെള്ളപ്പൊക്കം ദേശീയ ദുരന്ത നിവാരണ സേനകള്‍ക്കും അവസരങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നുമായിരുന്നു മറ്റൊരാളുടെ ട്വീറ്റ്. ദയവായി നിങ്ങള്‍ മന്ത്രിസ്ഥാനം രാജിവെക്കൂ, ഇത് കേന്ദ്ര മന്ത്രി സഭയില്‍ ഒരു പോസ്റ്റ് വര്‍ധിപ്പിക്കുമെന്നും കമന്റിട്ടവരുമുണ്ട്.

https://twitter.com/BeVoterNotFan/status/942327195342479361

കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ സാമ്പത്തീക പരിഷ്‌ക്കാരമായിരുന്നു ജി.എസ്.ടി. എന്നാല്‍ മുന്‍കരുതലില്ലാതെയും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിച്ചും നടപ്പിലാക്കിയ ഈ പരിഷ്‌ക്കാരത്തിന്റെ പേരില്‍ ആദ്യം മുതലെ സര്‍ക്കാര്‍ പഴികേട്ടിരുന്നു. നോട്ട് നിരോധനം പോലെ മറ്റൊരു പിഴവായിരുന്നു ഇതെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു. ജി.എസ്.ടി തൊഴില്‍ മേഘലയിലും മറ്റും കാര്യമായ തകര്‍ച്ച നേരിടുന്നു എന്ന വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാറിനെ ന്യായികരിച്ച് സ്മൃതി ഇറാനി രംഗത്തെത്തിയത്.

 

https://twitter.com/kovalbhatia/status/942615415905181696