X

തിരസ്‌കരിക്കപ്പെടുന്നവരുടെ ഇന്ത്യ

അഡ്വ. സജല്‍

‘അടുത്ത തലമുറയില്‍ നിന്നാണ് ഭാവി ആരംഭിക്കുന്നത്. വിദ്യാഭ്യാസത്തിലൂടെ, ഞങ്ങള്‍ നമ്മുടെ യുവാക്കളെ ശാക്തീകരിക്കുകയും അവര്‍ ഏതുതരം ലോകത്ത് ജീവിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യുന്നു’ ലോക പ്രശസ്ത ഡച്ച് വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ആന്റണ്‍ ചെക്കോവിന്റെ വാക്കുകളാണിത്.

ഇന്ത്യയെ സമ്പൂര്‍ണ ഹൈന്ദവ രാഷ്ട്രമാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖല തച്ചുതകര്‍ത്ത് സമ്പത്ത് തങ്ങളിലേക്ക് മാത്രം കുമിഞ്ഞുകൂട്ടുകയും ഭരണഘടനാസ്ഥാപനങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലേക്കെത്തിക്കുന്നതുമായിരുന്നു ഒന്നാം ഘട്ടമെങ്കില്‍, രാജ്യത്തിന്റെ ചരിത്രത്തെ മാറ്റിമറിച്ചും വിദ്യാഭ്യാസ മേഖലയില്‍ നിക്ഷിപ്ത അജണ്ടകള്‍ നടപ്പിലാക്കിയും ആ അജണ്ടയില്‍ വിരിയിച്ചെടുക്കുന്ന ഭാവി തലമുറയെ സൃഷ്ടിച്ച് ചരിത്രം തങ്ങള്‍ക്ക് അനുകൂലമാക്കുന്നതാണ് രണ്ടാംഘട്ടം.
ഒന്നര പതിറ്റാണ്ടായി പ്ലസ്ടു പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുണ്ടായിരുന്ന ഭാഗങ്ങളാണ് പുതിയ സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി മാറ്റിയത്. ഗാന്ധിജിക്ക് പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് രാജ്യത്തെ സംഘ്പരിവാര്‍ ശക്തികള്‍. നെഹ്‌റുവിനുപകരം പട്ടേലിനെ പ്രതിഷ്ഠിച്ചവര്‍ക്ക്പക്ഷേ ഗാന്ധിജിക്ക് പകരം പുതിയ ഒരാളെ ചരിത്രത്തില്‍ പ്രതിഷ്ഠിക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ചരിത്രങ്ങള്‍ തിരുത്തിയും സത്യങ്ങള്‍ക്ക് മറച്ചുവച്ചും അന്‍പത് വര്‍ഷത്തിന് ശേഷമെങ്കിലും രണ്ടാം ഗാന്ധിയായി മോദിയെ പ്രതിഷ്ഠിക്കാനായേക്കും. രാഷ്ട്രപിതാവിനെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന സത്യം പകല്‍ വെളിച്ചം പോലെ പ്രകാശിച്ചുനില്‍ക്കുമ്പോഴാണ് പാഠഭാഗങ്ങള്‍ തിരുത്തി ഗോദ്‌സേമാരെ വിശുദ്ധരും വാഴ്ത്തപ്പെട്ടവരുമായി പ്രഖ്യാപിക്കുന്നത്. കൊല ചെയ്യപ്പെട്ടിട്ട് ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാജ്യം ഇന്നും ലോകാത്ഭുതമായ ആ മഹാത്മാവിനെ ചര്‍ച്ച ചെയ്യുന്നുെണ്ടങ്കില്‍ അദ്ദേഹത്തിന്റെ പകരക്കാരനാകാന്‍ ആര്‍ക്കും കഴിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹം ചരിത്ര വക്രീകരണത്തെ തിരിച്ചറിയുകതന്നെ ചെയ്യും.

രാജ്യത്തെ അസന്മാര്‍ഗിക പ്രവര്‍ത്തികളുടെ പരീക്ഷണശാലയായ ഗുജറാത്തില്‍നിന്ന് തന്നെയാണ് മുഗള്‍ ചരിത്രത്തിന്റെ ഒഴിവാക്കലുകള്‍ക്ക് തുടക്കമിട്ടത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ ഗുജറാത്തിലെ പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കുന്ന എട്ട് പുസ്തകങ്ങള്‍ ആര്‍.എസ്.എസ് ആചാര്യന്‍ ദീനീനാഥ് ബത്രയുടേതാക്കി മാറ്റി. അപ്പോള്‍ അവയിലെ ഉള്ളടക്കത്തെ കുറിച്ച് ഊഹിക്കാവുന്നതേയുള്ളൂ. യോഗിയുടെ ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസ് പോഷക സംഘടനയായ ശിക്ഷാ സംസ്‌കൃതി ഉത്തന്‍ നയാസ്, എന്‍.സി.ഇ.ആര്‍.ടിയുടെ പാഠപുസ്തകങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ ആവശ്യപ്പെട്ടു രംഗത്തുവന്നിരിന്നു. മിര്‍സ ഗാലിബിന്റെ കവിതാശകലവും എം.എഫ് ഹുസൈന്റെ ആത്മകഥയും രവീന്ദ്രനാഥ് ടാഗോറിന്റെ ചിന്തകളെ കുറിച്ചുള്ള ഭാഗം, മുഗള്‍ ഭരണാധികാരികള്‍ കാരുണ്യവാന്‍മാരായിരുന്നു എന്ന ഭാഗത്തിന്റെ സാധുത പരിശോധിക്കുക, ഗുജറാത്ത് കലാപത്തില്‍ 2000 മുസ്‌ലിംകള്‍ വധിക്കപ്പെട്ടുവെന്ന ഭാഗം ഒഴിവാക്കുക തുടങ്ങിയവയാണവര്‍ നീക്കം ചെയ്യുന്നതിനായി ലക്ഷ്യം വച്ചത്. ഫലത്തില്‍ അത് പ്രാവര്‍ത്തികമായി.

മുഗള്‍ ഭരണാധികാരികളെല്ലാം പണ്ഡിതന്മാരും സാഹിത്യവും കലകളും ഇഷ്ടപ്പെടുന്നവരുമായിരുന്നു. അവര്‍ക്ക് വിദ്യാഭ്യാസത്തില്‍ അതീവ താല്‍പര്യമുണ്ടായിരുന്നു. ബാബറും ഹുമയൂണും വിദ്യാഭ്യാസ പ്രേമികളായിരുന്നു. വിദ്യാഭ്യാസ വികസനത്തില്‍ ജഹാംഗീര്‍ അതീവ താല്‍പര്യം കാണിച്ചിരുന്നു. ഒരു മനുഷ്യന്‍ പിന്‍ഗാമി ഇല്ലാതെ മരിച്ചാല്‍ അയാളുടെ സ്വത്ത് മുഴുവന്‍ സ്‌കൂളുകളുടെയും കോളജുകളുടെയും വികസനത്തിന് ഉപയോഗിക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടു. വിദ്യാഭ്യാസ യോഗ്യമല്ലാത്ത് എല്ലാ സ്‌കൂളുകളും അദ്ദേഹം നന്നാക്കി, അതിന്റെ വിപുലീകരണത്തിന് സംഭാവന നല്‍കി. ഔറംഗസീബ് പൂര്‍വികരുടെ പാത പിന്തുടരുകയും സ്‌കൂളുകളും കോളജുകളും സ്ഥാപിക്കുകയും പാവപ്പെട്ടവര്‍ക്കും ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുകയും ചെയ്തു.

പരീക്ഷാസംവിധാനം ഇല്ലാതിരുന്ന കാലത്ത് വിദ്യാര്‍ത്ഥികളുടെ മൊത്തം അക്കാദമിക് കരിയര്‍ കണക്കിലെടുത്ത് ബന്ധപ്പെട്ട അധ്യാപകന്റെ അഭിപ്രായമനുസരിച്ച് താഴ്ന്ന ക്ലാസില്‍നിന്ന് ഉയര്‍ന്ന ക്ലാസിലേക്ക് പ്രമോഷന്‍ ലഭിച്ചു. വാര്‍ഷിക പരീക്ഷയുടെ പതിവ് സംവിധാനം ഉണ്ടായിരുന്നില്ല. ആഗ്ര, ഡല്‍ഹി, ഫത്തേപൂര്‍ സിക്രി, അംബാല, ലഖ്‌നൗ, ഗ്വാളിയോര്‍, അലഹബാദ്, കശ്മീര്‍, സിയാല്‍കോട്ട്, ലാഹോര്‍, ജൗന്‍പൂര്‍ എന്നിവ മുസ്‌ലിം വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങളും പേര്‍ഷ്യന്‍ പഠന മാധ്യമവും ആയിരുന്നു. മുഗള്‍ ഭരണകാലത്ത് ബനാറസ്, മഥുര, അലഹബാദ്, നദിയാദ്, അയോധ്യ, ശ്രീനഗര്‍, മിഥില എന്നിവ ഹിന്ദുക്കളുടെ വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു. ആദ്യകാലത്ത് ക്ഷേത്രങ്ങളോടു ചേര്‍ന്നുള്ള പാഠശാലകളില്‍ അഞ്ചാം വയസില്‍ കുട്ടികളെ അയക്കുകയും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാപീഠത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അക്ബര്‍ രാജകുമാരിമാരുടെ വിദ്യാഭ്യാസത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തിയിരുന്നു. കണ്ണഞ്ചിപ്പിക്കുന്നതും ലോകാത്ഭുതങ്ങളുമായ താജ്മഹല്‍, ലോക പൈതൃകങ്ങളുടെ പട്ടികയില്‍ സ്ഥാനംപിടിച്ച ഡല്‍ഹി ജുമാമസ്ജിദ്, ഡല്‍ഹി ചെങ്കോട്ട, അക്ബര്‍ ചക്രവര്‍ത്തി നിര്‍മിച്ച ആഗ്രാ കോട്ട, ഖുതുബ് മിനാര്‍ എന്നിവ മുസ്‌ലിം ചക്രവര്‍ത്തിമാര്‍ സ്ഥാപിച്ച രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളും കലാസമ്പത്തുക്കളുമാണ്. വാസ്തുവിദ്യയുടെ ദൃഷ്ടാന്തമായി മുഗളര്‍ പണികഴിപ്പിച്ച വേറെയും ധാരാളം കോട്ടകളും കൊട്ടാരങ്ങളും രാജ്യത്ത് നിലനില്‍ക്കുന്നു. യാതൊരു വേര്‍തിരിവുമില്ലാതെ പ്രശംസനീയമായ നിലയില്‍ നടപ്പിലാക്കിയ വിദ്യാഭ്യാസകാല ചരിത്രത്തെയാണ് സംഘ്പരിവാറുകള്‍ ഒഴിവാക്കിയത്. പക്ഷേ ബനാറസ് ഹിന്ദു സര്‍വകലാശാലയും അലിഗഡും ജാമിഅ മില്ലിയ്യയും ഹംദദും ശിരസുയര്‍ത്തി നില്‍ക്കുമ്പോള്‍ ഈ അപനിര്‍മിതികള്‍ മതിയാകാതെ വരും ഒരു തലമുറയുടെ ചരിത്ര ബോധ്യത്തെ മാറ്റിയെടുക്കാന്‍.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബുല്‍ കലാം ആസാദിന്റെ പേര് 11 ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയിരിക്കുന്നത്. 2008 മുതല്‍ ഭാരതത്തിന്റെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുല്‍കലാം ആസാദിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ ജന്‍മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, വല്ലഭായ് പട്ടേല്‍, മൗലാനാ മുഹമ്മദലി, ഡോ. അംബേദ്കര്‍ തുടങ്ങിയവരുടെ സമശീര്‍ഷനായ അബുല്‍ കലാം ആസാദ് സ്വതന്ത്രഭാരത ശില്‍പികളില്‍ ഒരാളാണ്. രാഷ്ട്ര നിര്‍മാണത്തില്‍ സമഗ്ര സംഭാവനകള്‍ നല്‍കിയ മൗലാനാ ആസാദ് മുസ്‌ലിം നാമധാരിയാണ് എന്ന ഒറ്റ കാരണത്താലാണ് ചരിത്രത്തില്‍നിന്നും പാഠഭാഗങ്ങളില്‍നിന്നും ഒഴിവാക്കുന്നത്.
‘അണ്ടര്‍സ്റ്റാന്റിംഗ് സൊസൈറ്റി’ എന്ന തലക്കെട്ടില്‍ പതിനൊന്നാം ക്ലാസിലെ സോഷ്യോളജി പാഠപുസതകത്തില്‍നിന്നും 2002 ലെ ഗുജറാത്ത് കലാപ വിവരങ്ങള്‍ നീക്കംചെയ്യുമ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗീയ കാലവും നീചമായ കൊലപാതകളുമാണ് മറക്കപ്പെടുന്നത്. വിശ്വഭാരതിയിലൂടെയും സരസ്വതി ശിശുമന്ദിരങ്ങളിലൂടെയും കാലങ്ങളായി ആര്‍.എസ്.എസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതാണ് വിദ്യാഭ്യാസ കാവിവത്കരണം. ഇപ്പോള്‍ പൊതുവിദ്യാഭ്യാസ മേഖലയിലേക്കും അതിനെ വ്യാപിപ്പിക്കുന്നു. ജനാധിപത്യ മതേതര പാരമ്പര്യം നശിപ്പിച്ച് ഇന്ത്യയെ ഹൈന്ദവ രാജ്യമാക്കി ഉടച്ചുവാര്‍ക്കുന്നതിന് യുവജനങ്ങളുടെയും പുതുതലമുറയുടെയും ചിന്തകളെയും മനോഭാവങ്ങളെയും പുനഃസൃഷ്ടിക്കേണ്ടതുണ്ട്. പുരാതന ഇന്ത്യയുടെ ചരിത്രം ഹിന്ദു രാജാക്കന്മാരുടെയും വേദകാലഘട്ടത്തിന്റെ ചരിത്രത്തിലും ആധുനിക ഇന്ത്യയുടെ ചരിത്രം മോദി അധികാരത്തിലേറിയ ശേഷമുള്ള വര്‍ഷങ്ങളിലും പരിമിതപ്പെടുത്താനാണ് ഫാസിസ്റ്റുകളുടെ ശ്രമം. ക്യാഷ് ലെസ് ഇക്കോണമിയും ഡിജിറ്റല്‍ ഇന്ത്യയും നോട്ട് നിരോധന ചരിത്രവും പൗരത്വനിയമവും വിചാരധാരയുടെ ആവിര്‍ഭാവവും എല്ലാം നാളെ സര്‍വകലാശാല സിലബസുകളില്‍ കടന്നുവരുമ്പോള്‍ അവിടെനിന്നും ലഭിക്കുന്ന ഡിഗ്രി സര്‍ട്ടിഫിറ്റുകള്‍ ഒരുപക്ഷേ രാജ്യത്തിന്റെ സുരക്ഷയെതന്നെ ബാധിക്കുമെന്ന ചരിത്രങ്ങള്‍ പിന്തുടര്‍ന്നേക്കാം. സവര്‍ക്കറും ഗോദ്‌സെയുമൊക്കെ വിശ്വ പൗരന്മാരായേക്കാം. അപ്പോഴെല്ലാം നമ്മള്‍ ഉറക്കെ പറഞ്ഞ്‌കൊണ്ടിരിക്കണം ‘ചരിത്രം മറക്കുന്നവര്‍ക്ക് ചരിത്രം സൃഷ്ടിക്കാന്‍ കഴിയില്ല’.

 

webdesk11: