X

സി.വി.സി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍; മോദിക്കെതിരെ ജസ്റ്റിസ് പട്‌നായിക്കും

ന്യൂഡല്‍ഹി: സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ്മയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ആഞ്ഞടിച്ച്, സി.വി.സി അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വഹിച്ച റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ പട്‌നായിക്. സി.വി.സി റിപ്പോര്‍ട്ടില്‍ അലോക് വര്‍മ്മക്കെതിരെ യാതൊരു വിധത്തിലുള്ള പരാമര്‍ശങ്ങളുമില്ല. അദ്ദേഹത്തെ സി.ബി.ഐ ഡയരക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള തീരുമാനം അങ്ങേയറ്റം തിടുക്കപ്പെട്ട് കൈക്കൊണ്ടതാണ്. സി.വി.സി റിപ്പോര്‍ട്ടില്‍ തന്റേതായി ചേര്‍ത്തിരിക്കുന്ന പരാമര്‍ശങ്ങള്‍ തന്റെ നിഗമനങ്ങള്‍ അല്ലെന്നും പട്‌നായിക് ആരോപിച്ചു.

അതേസമയം കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗദരി മദ്ധ്യസ്ഥതക്കായി തന്റെ വസതി സന്ദര്‍ശിച്ചതായി അലോക് കുമാര്‍ വര്‍മ വെളിപ്പെടുത്തി. സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്ക് മുമ്പ് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗദരി ഒരു മദ്ധ്യസ്ഥകന്‍ എന്നോണം ഒക്ടോബര്‍ 6 ന് തന്റെ വസതി സന്ദര്‍ശിച്ചതായാണ് അലോക് കുമാര്‍ വര്‍മ വെളിപ്പെടുത്തിയത്. ഇതിന് ശേഷമാണ് അലോക് കുമാര്‍ വര്‍മക്കെതിരെ പരാമര്‍ശങ്ങളുമായി സിവിസി റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

അലോക് വര്‍മ്മയെ പുറത്താക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനെ കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രിയുടെ ഓഫീസും ദുരുപയോഗം ചെയ്തുവെന്ന് വ്യക്തമാക്കുന്നതാണ് പട്‌നായികിന്റെ വെളിപ്പെടുത്തല്‍. ഇത് ശരിവെക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
അലോക് വര്‍മ്മക്കെതിരെ സി.വി.സി നടത്തിയ അന്വേഷണങ്ങളെല്ലാം അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്‍ രാകേഷ് അസ്താന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നുവെന്ന് ജസ്റ്റിസ് പട്‌നായിക് പറഞ്ഞു. തനിക്കയച്ച സി.വി.സി അന്വേഷണ റിപ്പോര്‍ട്ടില്‍ രാകേഷ് അസ്താന മൊഴി നല്‍കിയതായി കാണുന്നുണ്ട്. എന്നാല്‍ രാകേഷ് അസ്താനയെ ഒരിക്കല്‍ പോലും സി.വി.സി വിസ്തരിച്ചിട്ടില്ല. റിപ്പോര്‍ട്ടിന്റെ അവസാന ഭാഗത്ത് നിരീക്ഷകന്‍ എന്ന നിലയില്‍ തന്റേതായി ചേര്‍ത്തിരിക്കുന്ന നിഗമനങ്ങള്‍ തന്റെ അറിവോടെയല്ലാതെ എഴുതിച്ചേര്‍ക്കപ്പെട്ടവയാണെന്നും പട്‌നായിക് ആരോപിച്ചു. സി.വി.സി റിപ്പോര്‍ട്ടിലെ ഉപസംഹാര നിഗമനങ്ങള്‍ ജസ്റ്റിസ് പട്‌നായികിന്റേതല്ലെന്ന് പുറത്താക്കപ്പെട്ട സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് പട്‌നായികിന്റെ വെളിപ്പെടുത്തല്‍.

പ്രതിപക്ഷ നേതാവിനെ പ്രതിനിധീകരിച്ച് ഉന്നതതല സമിതി യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയുടെ ശക്തമായ വിയോജിപ്പോടെയാണ് അലോക് വര്‍മ്മയെ സി.ബി.ഐ ഡയരക്ടര്‍ പദവിയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് ഖാര്‍ഗെ ആറ് പേജ് വരുന്ന വിയോജനക്കുറിപ്പായി എഴുതി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അലോകിനെ പുറത്താക്കാന്‍ പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതതല സമിതി അനാവശ്യ തിടുക്കം കാട്ടിയെന്ന ആരോപണം വരും ദിവസങ്ങളില്‍ പ്രതിപക്ഷം ആയുധമാക്കിയേക്കും. റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ സി.ബി.ഐ അന്വേഷണത്തിന് ഒരുങ്ങുന്ന സാഹചര്യത്തിലാണ് തിടുക്കപ്പെട്ട് അലോക് വര്‍മ്മയെ പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ നേരത്തെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് പട്‌നായികിന്റെ വെളിപ്പെടുത്തല്‍ വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിയേയും ബി.ജെ.പിയേയും പ്രതിക്കൂട്ടിലാക്കിയേക്കും.

chandrika: