തിരുവനന്തപുരം: മോഹന്‍ലാലിനെ വിമര്‍ശിച്ചുവെന്നാരോപിച്ച് തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് സംവിധായകന്‍ ഡോ. ബിജു. കഴിഞ്ഞ രണ്ട് ദിവസമായി ചില താര ആരാധകരുടേയും സിനിമാ രംഗത്ത് നിന്നുള്ള ചിലരുടേയും ഭാഗത്ത് നിന്ന് അസഭ്യവും ഭീഷണിയും വ്യക്തിഹത്യയുമാണ് വരുന്നത്. അതിനാല്‍ ഫെയ്‌സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുകയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് എക്കൗണ്ടിലൂടെ അറിയിച്ചു.

താരങ്ങളുടെ അനുയായികള്‍ക്കെതിരെ കേസ് കൊടുത്തിട്ട് കാര്യമില്ലെന്നറിയാം. അതിനാല്‍ ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യുക മാത്രമേ വഴിയുള്ളൂ. ടെലിഫോണില്‍ വരുന്ന അസഭ്യ സന്ദേശങ്ങളും അധിക്ഷേപങ്ങളും വേറെയുമുണ്ട്. സാംസ്‌കാരിക കേരളത്തില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് മേല്‍ സംഘടിത അസഭ്യവും ഭീഷണിയും വ്യക്തി വര്‍ണ്ണ അധിക്ഷേപങ്ങളും ആവോളമുണ്ടാകുമ്പോള്‍ അവര്‍ പൂര്‍ണമായും ഒറ്റപ്പെടുന്നു. സംഘടിത തെറിവിളി കൊണ്ടും വ്യക്തിഹത്യ കൊണ്ടും അഭിപ്രായങ്ങള്‍ നിശബ്ദമാക്കാം എന്ന് ആരും കരുതരുതെന്നും ബിജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.