X

“എന്ത് സംഭവിച്ചാലും മുന്നോട്ട് പോകും”; മലകയറാനുറച്ച് മഞ്ജു

പമ്പ: ശബരിമല ദര്‍ശനത്തിനൊരുങ്ങി ദളിത് വനിതാ നേതാവ് പമ്പയിലെത്തി. കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ പ്രസിഡന്റ് മഞ്ജുവാണ് ശബരിമല ദര്‍ശനത്തിനായി എത്തിയത്.
ശബരിമലയില്‍ ദര്‍ശനം നടത്തുകയെന്നത് തന്റെ അവകാശമാണെന്നും സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ ഇവിടെ എത്തിയതെന്നും മഞ്ജു പറഞ്ഞു. എന്ത് സംഭവിച്ചാലും മുന്നോട്ട് പോകും. എനിക്ക് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരും പൊലീസുമാണ്. സര്‍ക്കാര്‍ സംരക്ഷണം ഒരുക്കുമെന്നാണ് പ്രതീക്ഷയെന്നും മഞ്ജു പറഞ്ഞു.

സംരക്ഷണം ആവശ്യപ്പെട്ട മഞ്ജുവിന് പൊലീസ് സംരക്ഷണം ഉറപ്പുനല്‍കിയതായാണ് വിവരം. ശബരിമലയില്‍ നിലവില്‍ മഴപെയ്യുകയാണ്. മഴ മാറിയാലുടന്‍ മഞ്ജു യാത്ര തുടങ്ങുമെന്നാണ് വിവരം. ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി ഇടനാട് സ്വദേശിയാണ്. 100 പേരടങ്ങുന്ന സംഘം ആണ് മഞ്ജുവിന് സുരക്ഷ ഒരുക്കുന്നത്. ഉന്നത പൊലീസുദ്യോഗസ്ഥര്‍ സംഘത്തിലുണ്ടാകില്ല എന്നും സൂചന ഉണ്ട്.

മഞ്ജുവിനൊപ്പം മറ്റൊരു യുവതി കൂടി ഉണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താന്‍ ആക്റ്റിവിസ്റ്റും നിരീശ്വരവാദിയും അല്ല. ഭക്തയാണെന്നും ദര്‍ശനത്തിന് പിന്നില്‍ തനിക്ക് മറ്റൊരു ഉദ്ദേശവും ഇല്ലെന്നും മഞ്ജു പൊലീസിനോട് പറഞ്ഞു. ഇരുമുടി കെട്ടോട് കൂടിയെത്തിയ മഞ്ജു തിരിച്ച്് പോവാന്‍ തയ്യാറല്ല എന്നും പൊലീസിനോട് പറഞ്ഞതായി ആണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ അഞ്ച് ദളിത് സാമൂഹ്യ പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് വരുന്നുന്നെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പതിനെട്ടാംപടി വരെ എത്തിക്കുവാന്‍ മാത്രമാണ് പൊലീസിന് കഴിഞ്ഞത്.

തുടര്‍ന്ന് നട അടച്ചിടുമെന്ന തന്ത്രിയുടെ നിലപാട് വന്നതിന് പിന്നാലെ യുവതികള്‍ തിരിച്ചിറങ്ങുകയായിരുന്നു. ഐ.ജി മനോജ് എബ്രഹാമും ശ്രീജിത്തും പമ്പയിലെത്തിയിട്ടുണ്ട്.

chandrika: