ബംഗളൂരു: കര്‍ണാടകയില്‍ ദളിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴി മാറാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇക്കാര്യത്തിലെ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങളും തൂക്ക് സഭ പ്രവചിച്ച പശ്ചാത്തലത്തിലാണ് സിദ്ധരാമയ്യയുടെ പ്രസ്താവന.

സാഹചര്യം വരികയാണെങ്കില്‍ ഒരു ദളിത് മുഖ്യമന്ത്രിക്ക് വേണ്ടി വഴിമാറാന്‍ തയ്യാറാണ്. ദളിതനെ മുഖ്യമന്ത്രി ആക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുകയാണെങ്കില്‍ എതിര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്.

അതിനിടെ 72.13 ശതമാനം പോളിംഗ് ഇന്നലെ നടന്നതായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിങ് ആണിത്. അതേസമയം, സംസ്ഥാനത്ത് ഒറ്റക്ക് അധികാരത്തില്‍ എത്തുമെന്ന് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദിയൂരപ്പ പ്രതികരിച്ചു.