X

ഹോട്ടൽ പൂട്ടേണ്ടി വന്നാലും ദളിതർക്ക് ഭക്ഷണം വിളമ്പില്ല; ഹോട്ടൽ ഉടമയെ അറസ്റ്റ് ചെയ്ത് പൊലീസ്

ഹോട്ടല്‍ പൂട്ടേണ്ടി വന്നാലും ദളിത് യുവാക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ച ഹോട്ടല്‍ ഉടമ ഉള്‍പ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ബെല്ലാരിയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളാണ് വിവേചനപരമായ അപമാനത്തിന് ഇരയായത്.

ഹോട്ടല്‍ പൂട്ടേണ്ടി വന്നാലും ദളിതര്‍ക്ക് ഭക്ഷണം നല്‍കാനാവില്ലെന്ന് വെല്ലുവിളിച്ച ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. കുരു കുട്ടേഗൂര്‍ ഗ്രാമത്തില്‍ ഹോട്ടല്‍ നടത്തുന്ന നാഗവേണി ഇവരുടെ ബന്ധു വീരഭദ്രപ്പയുമാണ് അറസ്റ്റിലായത്. വിവേചനത്തിനിരയായ മഹേഷ് എന്ന യുവാവാണ് പൊലീസ് പരാതി നല്‍കിയത്. ഹോട്ടലില്‍ എത്തിയ ദളിതരെ അവര്‍ ബലം പ്രയോഗിച്ച് ഇറക്കിവിട്ടു. ശേഷം ഹോട്ടലും പരിസരവും വൃത്തിയാക്കിയതായും പരാതിയില്‍ യുവാവ് പറയുന്നു.

ദളിത് സംഘടനകള്‍ അടക്കം നിരവധി ആളുകള്‍ പ്രതിഷേധമുയര്‍ത്തിയതോടെയാണ് പൊലീസ് കേസെടുത്തത്. എസ്.സി/എസ്.ടി അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരമാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച കുറുഗോഡ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെ.എം.എഫ്.സി) കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ജാതി വിവേചനം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കടമകള്‍ക്ക് തഹസില്‍ദാര്‍ മുന്നറിയിപ്പ് നല്‍കി. സ്ഥിതി ശാന്തമാക്കാന്‍ സ്ഥലത്തെ തഹസില്‍ദാര്‍ രാഘവേന്ദ്രയുടെ മേല്‍നോട്ടത്തില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലായിരുന്നു നിര്‍ദേശം.

തൊട്ടുകൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്ന പ്രദേശമാണിത്. സര്‍ക്കാര്‍ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കിയിട്ടും, സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളില്‍ ഇപ്പോഴും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നു.

webdesk13: