X

കേന്ദ്രമന്ത്രിയുടെ സൂചന; പിന്നാലെ ഡല്‍ഹിയില്‍ ആപ്പ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു. ഗാന്ധിനഗര്‍ എംഎല്‍എയായ അനില്‍ ബാജ്‌പേയിയാണ് ബിജെപി ക്യാമ്പിലെത്തിയത്. 14 എഎപി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ബാജ്‌പേയിയുടെ ബിജെപി പ്രവേശനം.

അതേസമയം ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി.
പാര്‍ട്ടി എംഎല്‍എമാരെ ബിജെപി വിലയ്‌ക്കെടുക്കുന്നുവെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. ആരോപണത്തിനു തൊട്ടു പിന്നാലെയാണ് ആപ്പ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നത്. മെയ് 12ന് ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എഎപി എംഎല്‍എയുടെ കൂടുമാറ്റം. പാര്‍ട്ടി മാറാന്‍ തങ്ങളുടെ എംഎല്‍എമാര്‍ക്ക് ബിജെപി 10 കോടി രൂപ വാഗ്ദാനം ചെയ്തതായി എഎപി നേതാവ് മനീഷ് സിസോദിയ നേരത്തെ ആരോപിച്ചിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എംഎല്‍എമാരെ വിലയ്ക്കു വാങ്ങാറുണ്ടോ എന്ന് കെജരിവാള്‍ ചോദിച്ചു. ഇതാണോ ജനാധിപത്യത്തെപ്പറ്റിയുള്ള നിങ്ങളുടെ നിര്‍വചനം. എംഎല്‍എമാരെ വിലക്കെടുക്കാന്‍ എവിടെ നിന്നാണ് നിങ്ങള്‍ക്ക് ഇത്രയും പണം ലഭിക്കുന്നത്. ഞങ്ങളുടെ എംഎല്‍എമാരെ വിലക്കെടുക്കാന്‍ നിങ്ങള്‍ നിരവധി തവണ ശ്രമിച്ചു. അതത്ര എളുപ്പമല്ല. കെജരിവാള്‍ ട്വീറ്റ് ചെയ്തു. ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളെ വിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്നായിരുന്നു കെജ്‌രിവാളിന്റെ ട്വീറ്റ്.

ഈ ട്വീറ്റിന് പിന്നാലെയാണ് അനില്‍ ബാജ്‌പേയി ബിജെപി ക്യാമ്പിലെത്തിയത്.

chandrika: