X

കര്‍ഷകരെ സ്‌നേഹിക്കാതെ എന്ത് ദേശീയത; മോദിക്കെതിരെ തുറന്നടിച്ച് പ്രിയങ്ക

കര്‍ഷകരെ സ്‌നേഹിക്കാതെയും ബഹുമാനിക്കാതെയും എങ്ങനെയാണ് നിങ്ങള്‍ക്ക് ദേശീയത ഉയര്‍ത്തി പിടിക്കാനാവുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയത ഉയര്‍ത്തി പിടിച്ചുള്ള ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അവകാശ വാദങ്ങളെ പൊളിച്ചെഴുതിയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
പാകിസ്താന്റെ ആക്രമണങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്നത് വലിയ ഒരു നേട്ടം തന്നെയാണ്. അതില്‍ രാജ്യത്തെ ജനങ്ങളെല്ലാവരും സംതുഷ്ടരുമാണ്. പക്ഷേ നിങ്ങള്‍ രാജ്യത്തെ കര്‍ഷകരെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. കര്‍ഷകരുടെ ശബ്ദങ്ങള്‍ ഇന്ത്യയില്‍ മുഴങ്ങുന്നുണ്ട്. ഇതും ദേശീയതയുടെ ഭാഗമാണ്, പ്രിയങ്ക വ്യക്തമാക്കി. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം റായ് ബറേലിയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.

കര്‍ഷകരെയും യുവാക്കളെയും സ്ത്രീകളെയും സ്‌നേഹിക്കാതെയും ബഹുമാനിക്കാതെയും എങ്ങനെയാണ് നിങ്ങള്‍ക്ക് ദേശീയത ഉയര്‍ത്തി പിടിക്കാനാവുകയെന്നും പ്രിയങ്ക ചോദിച്ചു. ജനങ്ങളെ സ്‌നേഹിക്കുക എന്നത് അവരെ ബഹുമാനിക്കുന്നതിനു തുല്യമാണ്. കര്‍ഷകരുടെ ശബ്ദങ്ങള്‍ ഇന്ത്യയില്‍ മുഴങ്ങുന്നുണ്ട്. കര്‍ഷരുടെ ശക്തിയില്‍ സര്‍ക്കാര്‍ ഭയപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ അവരെ സ്‌നേഹിക്കൂ, മോദിയെ വിമര്‍ശിച്ച് പ്രിയങ്ക പറഞ്ഞു.

എന്താണ് ദേശീയ അര്‍ത്ഥമാക്കുന്നത്. എല്ലാവരും രാജ്യസ്‌നേഹികളാണ്. ജനങ്ങളുടെ ശബ്ദം കേട്ടെങ്കില്‍ മാത്രമേ ദേശിയത എന്താണെന്നു നിങ്ങള്‍ക്ക് മനസിലാകുകയുള്ളു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു വാഗ്ദാനവും പാലിച്ചില്ലെന്ന് സര്‍ക്കാരിന് തന്നെയറിയാമെന്നും പ്രിയങ്ക തുറന്നടിച്ചു.

മോദി ഭരണ കാലത്ത് രാജ്യത്ത് നടന്ന ഭീകരാക്രമണങ്ങളുടെ കണക്കുകള്‍ നിരത്തി കഴിഞ്ഞ് ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 2014നുശേഷം ഇന്ത്യയില്‍ സ്‌ഫോടനങ്ങള്‍ കേള്‍ക്കാനേയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രധാനമന്ത്രി ചെവി തുറന്ന് കേള്‍ക്കണം എന്ന് കുറിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ‘2014നും ശേഷം പുല്‍വാമയും പഠാന്‍കോട്ടും ഉറിയും ഗഡ്ചിറോളിയിലും 942 മറ്റു പ്രധാന സ്‌ഫോടനങ്ങളും നടന്നു, രാഹുല്‍ കുറിച്ചു.

തന്റെ കാലത്ത് ഒരു ഭീകരാക്രമണവും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും രംഗത്തെത്തിയിരുന്നു. മൊഹ്‌റ, ദണ്ഡേവാഡ, പലാമു, ഔറംഗബാദ്, കൊരാപുട്, സുക്മ, അവാപള്ളി, ഛത്തിസ്ഗഢ് തുടങ്ങിയ സ്‌ഫോടനങ്ങള്‍ നടന്ന സ്ഥലങ്ങളുടെ പട്ടികയും ചിദംബരം പുറത്തുവിട്ടിരുന്നു. ‘ഓര്‍മ നഷ്ടപ്പെടുകയോ സ്ഥിര സ്വഭാവമോ കാരണമാണ് ഇങ്ങനെ സംഭവിക്കുന്നത്. ആരെങ്കിലും പ്രധാനമന്ത്രിക്കുവേണ്ടി ഇതൊന്നു വായിച്ചുകൊടുക്കുമോ, എന്നും ചിദംബരം പരിഹസിച്ചു.

chandrika: