കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി.സി ജോര്‍ജ്ജ് എംഎല്‍എയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് സാമൂഹ്യ പ്രവര്‍ത്തക ദയാഭായി. പൊലീസ് അറസ്റ്റ് ചെയ്തയാള്‍ പ്രതിയല്ലെന്ന് പി.സി ജോര്‍ജ്ജ് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് ദയാഭായി ചോദിച്ചു. നടിക്കെതിരായ പി.സി ജോര്‍ജ്ജിന്റെ പരാമര്‍ശം ഖേദകരമാണ്. കോടതി തീരുമാനിക്കേണ്ട വിഷയത്തില്‍ ഇടപെടാന്‍ എംഎല്‍എക്ക് അവകാശമില്ല. സ്ത്രീകള്‍ ഇരകളാകുന്ന കേസുകളില്‍ അവര്‍ക്ക് അനുകൂലമായ നിലപാടാണ് സമൂഹത്തില്‍ നിന്ന് ഉണ്ടാവേണ്ടത്. സംഭവം പുറത്തു പറയാന്‍ നടി കാണിച്ച ധൈര്യം മറ്റ് സ്ത്രീകള്‍ക്കും മാതൃകയാകും. കൊച്ചിയിലെ സംഭവം പുറത്തുവന്ന സാഹചര്യത്തില്‍ ഇനിയും സമാന സംഭവങ്ങള്‍ പുറത്തുവരുമെന്നും ദയാഭായി കൂട്ടിച്ചേര്‍ത്തു.