പാനിപത്ത്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചെന്നതിന്റെ പേരില്‍ അഖ്ലാഖിന്റെ കൈ അറുത്ത കേസില്‍ ട്വിസ്റ്റ്. ജോലി അന്വേഷിച്ച് പോയ അഖ്ലാഖിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നും മുസ്‌ലിമായതിന്റെ പേരിലാണ് ആക്രമികള്‍ കൈ വെട്ടിമാറ്റിയെന്നുമാണ് സഹോദരന്റെ പരാതി.

ആഗസ്റ്റ് 24 ന് രാവിലെ ഹരിയാനയിലെ പാനിപട്ട് ജില്ലയിലാണ് ഇരുപത്തിയെട്ട് വയസുകാരനായ അഖ്ലാക്കിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ഏഴ് വയസ്സുകാരനെ വീട്ടില്‍ നിന്നും തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി പിടിക്കപ്പെട്ടപ്പോള്‍ കൈ അറുത്ത് രക്ഷപെടാന്‍ ശ്രമിച്ചെന്നാണ് പാനിപത്ത് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങിയ യുവാവിന്റെ കയ്യറ്റ സംഭവത്തില്‍ സഹോദരന്റെ പരാതിയില്‍ ഇപ്പോള്‍ പൊലീസ് പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

പുലര്‍ച്ചെ രണ്ടുമണിയോടെ വെള്ളം ആവശ്യപ്പെട്ട് അപരിചിതമായ വീട്ടില്‍ കയറി ചെന്ന അഖ്ലാക്ക് വീട്ടില്‍ ഉറങ്ങികിടന്ന കുട്ടിയെ തട്ടികൊണ്ടുപോയന്നാണ് ആദ്യ കേസിലോ എഫ്‌ഐആര്‍ വ്യക്തമാക്കുന്നത്. കുട്ടി തട്ടികൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കൈ അറുത്ത് രക്ഷപെടാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. കുട്ടിയെ ബന്ധുക്കള്‍ രക്ഷപെടുത്തിയതിനിടയില്‍ 28 കാരനായ യുവാവ് സ്വന്തം വിരലുകള്‍ അറുത്ത് ഓടിരക്ഷപ്പെടുകയായിരുന്നു. ഇഖ്ലാക്ക് പിന്നീട് റെയില്‍വേ പരിസരത്ത് നിന്നും പരിക്കുകളോടെ ലഭിച്ചെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അതേസമയം, പാര്‍ക്കില്‍ കിടന്നുറങ്ങുകയായിരുന്ന അനുജനെ ഒരു സംഘം അക്രമിക്കുകയായിരുന്നെന്നാണ് അഖ്ലാക്കിന്റെ ജ്യേഷ്ഠനും 38 കാരനുമായ ഇക്രം പരാതിപ്പെട്ടത്. ഏഴുവയസ്സുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമാണെന്നും സംഭവത്തില്‍ അഖ്ലാക്ക് നിരപരാതിയെന്നും ഇക്രം അവകാശപ്പെട്ടു. ബാര്‍ബര്‍ തൊഴിലാളിയായ അഖ്ലാക്ക് ലോക്ഡൗണ്‍ കാലത്ത് ജോലി തേടിയാണ് വീട് വിട്ടത്. പണിയൊന്നും ലഭിക്കാതായതോടെ അപരിചിതമായ ഇടത്ത് പാര്‍ക്കില്‍ കിടക്കുകയായിരുന്നു അവനെന്നും ജേഷ്ഠന്‍ പറയുന്നു. ആ സമയം അതുവഴി വന്ന ആളുകള്‍ അസമയത്ത് കണ്ടതിനെ തുടര്‍ന്ന് അഖ്ലാക്കിനെ അക്രമിക്കുകയായിരുന്നു. അവന്റെ ദേഹത്ത് 786 എന്ന് പച്ചകുത്തിയിരുന്നതായും ഇത് കണ്ടതോടെ മുസ്ലീമായതിനാലാണ് അക്രമിസംഘം കൈ അറുത്തതെന്നും അക്രം ആരോപിച്ചു.

യുവാവിന്റെ കുടുംബം നല്‍കിയ പരാതിയില്‍ കേസില്‍ രണ്ടാമത്തെ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തു. ആദ്യത്തെ കേസില്‍ അഖ്‌ലാക്കിനെതിരെ പോക്സോ നിയമപ്രകാരം ആണ് പരാതി. അഖ്ലാക്കിന്റെ സഹോദരനാണ് മറ്റൊരു പരാതി നല്‍കിയിരിക്കുന്നത്. ജോലി അന്വേഷിച്ച് വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നെന്നാണ് ഇവര്‍ പരാതി നല്‍കിയത്. അഖ്ലാഖ് മുസ്‌ലിമായതിനാല്‍ ആളുകള്‍ ആക്രമിച്ചെന്നും കൈ വെട്ടിമാറ്റിയെന്നുമാണ് സഹോദരന്റെ പരാതി.