X

ആമസോണ്‍ നന്നായി ശ്വസിക്കട്ടെ

എം. കൃഷ്ണകുമാര്‍

മഞ്ഞ റോംബസിലെ പച്ച വയലില്‍ ഇരുപത്തേഴു നക്ഷത്രങ്ങള്‍ നിറഞ്ഞ നീലാകാശ ഗോളമുള്ള ദേശീയ പതാക പോലെ വര്‍ണ വൈവിധ്യം ബ്രസീലിന്റെ രാഷ്ട്രീയ ഭൂമികയിലുമുണ്ട്. ബ്രസീലിയന്‍ ഫെഡറല്‍ യൂണിറ്റിന്റെ പ്രതീകമായ ആ നക്ഷത്രങ്ങള്‍ക്കൊപ്പം പച്ച നിറത്തില്‍ പോര്‍ച്ചുഗീസ് ഭാഷയിലെ ദേശീയ മുദ്രാവാക്യമായ ‘ക്രമവും പുരോഗതിയും (Ordem E Pro-gresso) എന്ന ആലേഖനവും. മൂന്നാം വട്ടം തിരഞ്ഞെടുക്കപ്പെട്ട ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ ‘ലോകത്തിനു ശ്വസിക്കാന്‍ ആമസോണ്‍ വേണമെന്ന് ഞങ്ങള്‍ക്കറിയാം, ഞങ്ങളത് കരുതുമെന്ന’് ജനങ്ങളോട് പറഞ്ഞതിലൂടെ തന്റെ വിജയത്തിന്റെ പ്രധാന കാരണത്തെ പറയാതെ പറയുകയായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തെ ബോള്‍സനാരോ ഭരണത്തില്‍ നിത്യ ഹരിത ആമസോണ്‍ കാടുകളില്‍ അശാന്തി പടര്‍ന്നിരുന്നു. തീവ്ര വലതുപക്ഷക്കാരനായ ബോള്‍ സനാരോ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കു വഴങ്ങി ആമസോണ്‍ കാടുകളില്‍ അനിയന്ത്രിത ഖനനം അനുവദിച്ചപ്പോള്‍, ഒരുപക്ഷേ ഭരണമാറ്റം ബ്രസിലുകാര്‍ കൊതിച്ചിരിക്കാം.

കോവിഡ് നാളുകളില്‍ മരിച്ചു വീണ ഏഴു ലക്ഷം മരണങ്ങളും ജനസംഖ്യയില്‍ ദരിദ്രരുടെ ശതമാനം 33 ആയി വര്‍ധിച്ചതും പ്രധാന കാരണങ്ങളാണ്. ‘പ്രതീക്ഷ തിരികെ കൊണ്ടുവരിക (Bring Hope Back to Br-azil) എന്ന മുദ്രാവാക്യം മുഴക്കി തിരഞ്ഞെടുപ്പിനെ നേരിട്ട വര്‍ക്കേഴ്‌സ് പാര്‍ട്ടിയെ വരിക്കാന്‍ ബ്രസീലിയന്‍ ജനതയ പ്രേരിപ്പിച്ചിച്ച ഘടകങ്ങള്‍ നിരവധിയാണ്.

2016 ല്‍ ആരംഭിച്ച ‘ഓപറേഷന്‍ കാര്‍ വാഷ്’ എന്ന അഴിമതിയന്വേഷണം ലുലയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു. 2017 ല്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ പെട്രോബാസുമായി ബന്ധപ്പെട്ട അവിഹിത ഇടപാടുകളും മറ്റും ലുലയെ തടവുകാരനാക്കി. അഞ്ഞൂറ്റി എണ്‍പതു ദിവസത്തിന്റെ ജയില്‍ വാസത്തിനുശേഷം വീണ്ടും തിരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചതിലൂടെ അതിജീവനത്തിന്റെ പുതിയൊരു താള് തുറക്കാന്‍ ലുലയ്ക്ക് കഴിഞ്ഞു. ബ്രസീലിന്റെ മുപ്പത്തിനാല് വര്‍ഷത്തിനിടെ ആദ്യമായാണ് തിരത്തെടുപ്പില്‍ നിലവിലെ പ്രസിഡന്റ് തോല്‍വിയറിയുന്നത്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ലുലയെ ‘ലോകത്തെ ഏറ്റവും പ്രശസ്തനായ രാഷ്ട്രീയക്കാരന്‍’ എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ അസാധാരണമായ ജനപ്രിയ നയങ്ങളുടെ പേരിലായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കലായിരിക്കും ലുലയുടെ ആദ്യ വെല്ലുവിളി. ആമസോണ്‍ കാടുകളുടെ സംരക്ഷണവും മുഖ്യ വിഷയമായിരിക്കും. ബ്രസീല്‍ പാര്‍ലമെന്റിലെ തീവ്ര വലതുപക്ഷ ആധിപത്യം ലുലയുടെ നയങ്ങള്‍ക്ക് എക്കാലവും എതിരായിരുന്നു. ഇടതുപക്ഷ ഭരണത്തുടര്‍ച്ച ഇല്ലാതാക്കി ലുലയ്ക്കുശേഷം പ്രസിഡന്റായ ദില്‍മ റൂസഫിനെ തീവ്ര വലതുപക്ഷം പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് അട്ടിമറിച്ച അപൂര്‍വ ചരിത്രം കാണാതിരുന്നുകൂടാ. ബ്രസീലിലെ സാമൂഹ്യ, രാഷ്ട്രീയ മണ്ഡലങ്ങളില്‍ മതം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അമേരിക്കന്‍ വലതുപക്ഷത്തിന്റെ പ്രധാന ശക്തിസ്രോതസ്സായ ഇവാഞ്ചലിക്കുകളുടെ പിന്തുണയോടെയായിരുന്നു മുന്‍ പ്രസിഡന്റ് ബോള്‍സനാരോയുടെ ഭരണം. കാത്തോലിക്കാ സഭയയ്ക്കുണ്ടായിരിക്കുന്ന ദൗര്‍ബല്യം തീവ്ര വലതു പക്ഷക്കാര്‍ക്ക് ശക്തി പകരുന്നുവെന്നതും ശ്രദ്ധേയമാണ്.

ലുല ഡി സില്‍വയുടെയും വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടേയും വിജയത്തിലൂടെ ലാറ്റിനമേരിക്ക കൂടുതല്‍ ചുവന്നു എന്നു പറയാം. 2022 മാര്‍ച്ചില്‍ ഗബ്രിയേല്‍ ബോറിക് ചിലിയന്‍ പ്രസിഡന്റായതും പിന്നാലെ ജൂണില്‍ നടന്ന കൊളംബിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഗുസ്താവോ പെത്രോയുടെ വിജയവും നിക്കരാഗ്വയില്‍ ഡാനിയേല്‍ ഒര്‍ടേഗ തുടര്‍ച്ചയായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടതും തീവ്രവലതു നിലപാടുകള്‍ക്കെതിരെയുള്ള ഇടതു മുന്നേറ്റങ്ങളായി വിലയിരുത്തുന്നതില്‍ തെറ്റില്ല. ലുലയുടെ വിജയത്തിലൂടെ ആമസോണ്‍ കൂടുതല്‍ നന്നായി ശ്വസിക്കട്ടെ എന്ന് പ്രത്യാശിക്കാം.

web desk 3: