നോയിഡ: അടുത്ത മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകളും എടിഎം സൗകര്യങ്ങളും രാജ്യത്ത് ആവശ്യമില്ലാത്ത സ്ഥിതിയിലേക്ക് എത്തിച്ചേരുമെന്നും മൊബൈല്‍ ഫോണുകള്‍ മാത്രം ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കാലം വിദൂരമല്ലെന്നു നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. മൊത്തം ജനസഖ്യയുടെ 72 ശതമാനവും 32 വയസില്‍ താഴെ വരുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് ജനസഖ്യാപരമായ വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ ഇത് മറ്റു രാജ്യങ്ങളെക്കാള്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്ത് ഏറ്റവും കൂടുതല്‍ മൊബൈല്‍ കണക്ഷനുകള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. ഏറ്റവും അധികം ബാങ്ക് അക്കൗണ്ടുകള്‍ ഉള്ള രാജ്യവും ഇന്ത്യയാണ്. അതുകൊണ്ടു തന്നെ ഡിജിറ്റല്‍ ഇടപാടുകള്‍ മാത്രം നടക്കുന്ന കാലം വിദൂരമല്ല. അമിതാഭ് കാന്ത് പറഞ്ഞു. നോയിഡയിലെ അമിറ്റി സര്‍വകലാശാല ക്യാമ്പസിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എടിഎം കൗണ്ടറുകള്‍ ഇല്ലാതായേക്കാം. അതു കൊണ്ടു തന്നെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡുകള്‍ അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ക്കായി ജനങ്ങള്‍ മൊബൈല്‍ ഫോണിനെ മാത്രം ആശ്രയിക്കും. ഇപ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ വഴി സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള പ്രവണത ക്രമാനുഗതമായി വര്‍ദ്ധിച്ചു വരുന്നുണ്ട്.
ഭാവിയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ വിപ്ലവമാണ് ഉണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിവര്‍ഷം 7.5 നിരക്കിലാണ് രാജ്യത്തിന്റെ സാമ്പത്തിക രംഗം പുരോഗതി പ്രാപിക്കുന്നത്. ലോകത്തെ സാമ്പത്തിക വളര്‍ച്ചാ പ്രവണതകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആശ്വാസം പകരുന്നു. എങ്കിലും ഈ നിരക്ക് 9-10 ശതമാനത്തിലേക്ക് എത്തിക്കാനാണ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
2040 വരെ ഇന്ത്യയുടെ ജനസഖ്യ ഊര്‍ജ്ജസ്വലമായി മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇടപാടുകള്‍ മൊബൈലിലേക്ക്; ഡെബിറ്റ് -ക്രെഡിറ്റ് കാര്‍ഡുകളും എ.ടി.എമ്മും ഇല്ലാതാകും

Be the first to write a comment.