കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്. വോട്ടെടുപ്പ് തുടങ്ങി അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 40 ശതമാനം പിന്നിട്ടു. ആദ്യ രണ്ട് ഘട്ടങ്ങളെക്കാള്‍ ഉയര്‍ന്ന പോളിങ്ങാണ് ഇതുവരെ രേഖപ്പെടുത്തിയത്.

വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം എന്നീ നാല് ജില്ലകളിലെ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കണ്ണൂര്‍ ആന്തൂര്‍ നഗരസഭയിലാണ് റെക്കോര്‍ഡ് പോളിങ്. അഞ്ച് മണിക്കൂര്‍ പിന്നിടുമ്പോള്‍ തന്നെ ആന്തൂരിലെ പോളിങ് ശതമാനം 50 കടന്നു. കണ്ണൂരിലും കാസര്‍കോടും ചില ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായുള്ള പരാതിയും ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ബേപ്പൂരില്‍ വോട്ട് ചെയ്ത് മടങ്ങിയ വയോധിക ഹൃദയാഘാതം മൂലം മരിച്ചു.

ഇടതു ദൂര്‍ഭരണത്തിനെതിരേയുള്ള ജനം വിധിയെഴുതുമെന്നും യുഡിഎഫ് റെക്കോര്‍ഡ് വിജയം സ്വന്തമാക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ വ്യക്തമാക്കി.

വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 22151 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. നാലു ജില്ലകളിലെ 353 തദ്ദേശ സ്ഥാപനങ്ങളിലെ 6839 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലാകുന്നവര്‍ക്കും ആരോഗ്യവകുപ്പ് നല്‍കുന്ന സാക്ഷ്യപത്രം ഹാജരാക്കി പിപിഇ കിറ്റ് ധരിച്ച് അവസാന മണിക്കൂറില്‍ വോട്ടു ചെയ്യാം.

സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ ഒരു വാര്‍ഡിലെയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനിലും വോട്ടെടുപ്പ് മാറ്റിയിട്ടുണ്ട്.