കോഴിക്കോട്‌ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെ പരാമർശിച്ച് വ്യാജ വാർത്ത നൽകിയ കൈരളി ചാനലിനെതിരെ നിയമനടപടി. സ്വർണക്കടത്ത് കേസിൽ പൂർണ്ണമായും പ്രതിരോധത്തിലാതോടുകൂടിയാണ് പാർട്ടിയെ രക്ഷിക്കാൻ കൈരളി ചാനൽ വ്യാജ വാർത്തകളുമായി രംഗത്തുവന്നത്. മറ്റൊരു മാധ്യമവും ഇക്കാര്യം ഏറ്റെടുത്തതുമില്ല. തീർത്തും അടിസ്ഥാനരഹിതമായ വാർത്ത പ്രചരിപ്പിച്ചു എന്ന് ആരോപിച്ചാണ് കൈരളി ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുന്നത്. അഡ്വക്കേറ്റ് മുഹമ്മദ് ഷാ മുഖാന്തരമാണ് നിയമ നടപടികൾ.
കൈരളി ചാനലിൽ വന്ന വാർത്ത ഫേസ്ബുക്കിലും വാട്സ്ആപ്പിലും പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീൽ കേന്ദ്ര അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും സർക്കാർ ഒന്നടങ്കവും സ്വർണക്കടത്ത് കേസിൽ പ്രതിരോധത്തിലാണ്.
സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടവർ കേരളത്തിലേക്ക് നയതന്ത്ര ചാനൽ വഴി കൊണ്ടുവന്നിട്ടുള്ള എല്ലാ സാധനങ്ങളെയും കുറിച് NIA അന്വേഷിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് വന്ന സാധനങ്ങൾ കെ ടി ജലീൽ സ്വീകരിക്കുകയും വിതരണം ചെയ്യപ്പെടുകയും ചെയ്തതിന്റെ ഭാഗമായിട്ടാണ് അന്വേഷണം. ജലീലിനെതിരായ സമരം ഖുർആൻ വിരുദ്ധ സമരമായി വ്യാഖ്യാനിച്ച് രക്ഷപ്പെടാനാണ് സർക്കാർ ശ്രമിച്ചത്. ഈ ശ്രമവും പരാജയപ്പെട്ടതോടെയാണ് വ്യാജ ആരോപണങ്ങളുമായി പാർട്ടി ചാനൽ രംഗത്ത് വരുന്നത്.