ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍ ഒരാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയേക്കും. ഇതു സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി ഉടന്‍ ഉത്തരവിറക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആറു ദിവസത്തേക്കായിരുന്നു കഴിഞ്ഞ ആഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം നാളെ ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടതാണ്. എന്നാല്‍ രോഗികളുടെ എണ്ണവും മരണങ്ങളും കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തല്‍ക്കാലത്തേക്ക് മാറ്റില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 357 പേരാണ് രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കാണിത്. 24,000ത്തിലധികം പേര്‍ക്ക് ഇന്നലെ രോഗം കണ്ടെത്തി.

ഡല്‍ഹിയിലെ പല ആശുപത്രികളിലും ഇപ്പോഴും മതിയായ ഓക്‌സിജനില്ല. തന്മൂലം രോഗികള്‍ ശ്വാസം മുട്ടുന്ന അവസ്ഥയാണ്. പല ആശുപത്രികളിലെയും മുതിര്‍ന്ന ഡോക്ടര്‍മാര്‍ അടക്കം ഓക്‌സിജന്‍ ഏതു വിധേനയെങ്കിലും എത്തിച്ചു തരണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അഭ്യര്‍ഥിക്കുകയാണ്.