5000 മുസ്്‌ലിം യൂത്ത് ലീഗ്
പ്രവര്‍ത്തകര്‍ പങ്കെടുക്കും

കോഴിക്കോട്: ദേശ് ബച്ചാ വോ, യുവ ബച്ചാവോ എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ യുവജന സംഘടനകളുടെ സംയുക്ത സമരത്തിന് എട്ടിന് രാജ്യ തലസ്ഥാനം സാക്ഷിയാകും. മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെയും, വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മക്കെതിരെയുമാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രതിപക്ഷ യുവജന സംഘടനകള്‍ സംയുക്ത സമരത്തിന് തയ്യാറെടുക്കുന്നത്. ജന്ദര്‍ മന്തറിലാണ് യുവജന റാലി നടക്കുക.
സെപ്റ്റംബര്‍ 26 ന് ഡല്‍ഹിയില്‍ ചേര്‍ന്ന സംയുക്ത യോഗത്തെ തുടര്‍ന്നാണ് മോദി സര്‍ക്കാറിന്റെ യുവജന വിരുദ്ധ, അഴിമതി നയങ്ങള്‍ക്കെതിരെ പ്രത്യക്ഷ സമരം ആരംഭിക്കുന്നത്. അമ്പതിനായിരത്തിലധികം വളണ്ടിയര്‍മാരാണ് സമരത്തില്‍ അണിനിരക്കുക. യുത്ത് കോണ്‍ഗ്രസ്, മുസ്‌ലിം യൂത്ത് ലീഗ്, ഡി വൈ എഫ് ഐ, എ ഐ വൈ എഫ്, സമാജ് വാദി പാര്‍ട്ടി, ബി എസ് പി, എന്‍ സി പി എന്നിവയടക്കമുള്ള പാര്‍ട്ടികളുടെ യുവജന സംഘടനകള്‍ അടക്കം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
യുവജന സംഘടനകളിലേക്കു കൂടി പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നത് ബി ജെ പി ക്ക് തലവേദനയാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. മാര്‍ച്ചില്‍ അയ്യായിരം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിനിരക്കും. ഉത്തര്‍ പ്രദേശ്, ഹരിയാന, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറെയും പ്രവര്‍ത്തകര്‍ എത്തുക. യുവജന റാലിയുടെ വിജയത്തിനായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ദേശീയ പ്രസിഡണ്ട് സാബിര്‍ എസ് ഗഫാര്‍, ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതിപക്ഷ യുവജന സംഘടനകളുടെ ഈ സമരം സൂചന മാത്രമാണെന്നും വരും നാളുകളില്‍ കരുത്തുറ്റ യുവജന പ്രക്ഷോഭങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്നും സംയുക്ത സമിതിയുടെ അദ്ധ്യക്ഷനായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡണ്ട് കേശവ് ചന്ദ്ര യാദവ് പ്രഖ്യാപിച്ചു.