X

മൂന്നാറിലെ അനധികൃത കയ്യേറ്റം: ദേവികുളം സബ് കളക്ടര്‍ രേണു രാജ് ഹൈക്കോടതിയിലേക്ക്

മൂന്നാര്‍: മുന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുമെന്ന് ദേവികുളം സബ് കളക്ടര്‍ രേണു രാജ്. റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറില്‍ നിര്‍മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സത്യവാങ്മൂലം നല്‍കുക. മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മാണം കോടതിയെ അറിയിക്കുമെന്നും ദേവികുളം സബ് കളക്ടര്‍ പറഞ്ഞു.

റവന്യൂ വകുപ്പിന്റെ നടപടി തടസ്സപ്പെടുത്തിയ എം.എല്‍.എയുടെ നടപടിയും ഹൈക്കോടതിയെ അറിയിക്കും. മൂന്നാറിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ എ.ജി ഓഫീസ് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കളക്ടര്‍ രേണു രാജിനെ രാജേന്ദ്രന്‍ എം.എല്‍.എ അപമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംഭവങ്ങളുടെ വിശദ വിവരങ്ങള്‍ സത്യവാങ്മൂലമായി കോടതിയെ ധരിപ്പിക്കാന്‍ സബ് കളക്ടര്‍ തീരുമാനിച്ചത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: