X

‘ഗോ ബാക്ക് മോദി’ വിളികളുമായി ആന്ധ്ര; നായിഡു പിന്നില്‍ നിന്ന് കുത്തിയെന്ന് മോദി

ടിഡിപി – ബിജെപി ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം ആദ്യമായി ആന്ധ്രാപ്രദേശ് സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ‘ഗോ ബാക്ക്’ വിളി. പ്രധാനമന്ത്രിക്കെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധമുണ്ടായി.

മോദിയുടെ സന്ദര്‍ശനത്തിനെതിരെ ഗുണ്ടൂര്‍, വിജയവാഡ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വന്‍പ്രതിഷേധം ഉയര്‍ന്നു. ഗോബാക്ക് വിളികളുമായി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനത്തിനെതിരെ ടിഡിപി സംസ്ഥാനവ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇന്നലെ രാവിലെ വിജയവാഡ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിമാനത്താവളത്തില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിയും ഗവര്‍ണറും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മോദിക്കെതിരായി ആന്ധ്രയിലുടനീളം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു.

#NoMoreModi, #ModiIsAMistake തുടങ്ങിയ ഹാഷ് ടാഗുകളുമായി സോഷ്യല്‍ മീഡിയയിലും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് എതിരായ പ്രതിഷേധം ശക്തമായിരുന്നു. ‘ഇനിമേല്‍ വരരുത്’ എന്നഴുതിയ, മോദിയെ ജനക്കൂട്ടം തുരത്തിയോടിക്കുന്ന ചിത്രീകരണമുള്ള പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ മോദി വന്നിറങ്ങിയ ഗണ്ണവാരം വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയിരുന്നു. വിമാനത്താവളം മുതല്‍ ഗുണ്ടൂര്‍ വരെ ദേശീയപാതയില്‍ ഉടനീളം ‘മോദിക്ക് പ്രവേശനമില്ല’ എന്നെഴുതിയ പോസ്റ്ററുകളുമായി ടിഡിപി പ്രവര്‍ത്തകര്‍ കാത്തുനിന്ന് പ്രതിഷേധിച്ചു.

തെലങ്കാന, ആന്ധ്ര വിഭജനത്തിന് ശേഷമുള്ള ആന്ധ്രയുടെ ദുരിതം കാണാനാണ് മോദി വന്നത് എന്നായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം. ആന്ധ്രയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനാണ് മോദി സംസ്ഥാനത്തെത്തിയതെന്നും രാജ്യത്തെ നശിപ്പിച്ച മോദി ആന്ധ്രയെ തകര്‍ത്തുവെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു. ടിഡിപി പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞ് ആന്ധ്രയിലുടനീളം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. വിജയവാഡയില്‍ നടന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിന് ടിഡിപി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷയായിരുന്നു പ്രധാനമന്ത്രിക്ക് ഒരുക്കിയിരുന്നത്.

ഗുണ്ടൂര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മോദി തുടര്‍ന്ന് തമിഴ്നാട്ടിലെ തിരുപ്പൂരിലേക്ക് പോയി. വിമാനത്താവളത്തില്‍ നിന്ന് വായു സേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി റാലി നടന്ന ഗുണ്ടൂരിലേക്ക് പോയത്.

അതേസമയം ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂക്ഷമായി വിമര്‍ശനമുയര്‍ത്തി. കോണ്‍ഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി പ്രവര്‍ത്തിച്ച ആളാണ് എന്‍.ടി രാമറാവു. എന്നാല്‍ ഭാര്യാ പിതാവായ എന്‍.ടി.ആറിനെ പിന്നില്‍ നിന്ന് കുത്തിയ ആളാണ് ചന്ദ്രബാബു നായിഡു. എന്നാല്‍ നായിഡു തന്നെ സ്വയം കോണ്‍ഗ്രസിന് വിട്ടു കൊടുത്തു. നായിഡുവും തെലുങ്കുദേശം പാര്‍ട്ടിയും ആന്ധ്രയെ കൊള്ളയടിക്കുകയാണ്. പൊതുഖജനാവിലെ പണം ഉപയോഗിച്ചാണ് തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രചരണങ്ങള്‍ നടത്തുന്നത്. നായിഡുവിന്റെ യാത്രകള്‍ക്കും പരിപാടികള്‍ക്കും നികുതി പണമാണ് ഉപയോഗിക്കുന്നത്-മോദി ആരോപിച്ചു. ആന്ധ്രക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷമാണ് ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി എന്‍.ഡി.എ മുന്നണി വിട്ടത്. താന്‍ മോദിയേക്കാള്‍ സീനിയറാണെങ്കിലും മോദിയുടെ അഹങ്കാരം തൃപ്തിപ്പെടുത്താന്‍ അദ്ദേഹത്തെ സാര്‍ എന്ന് വിളിക്കേണ്ടി വരുന്നുവെന്നും നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

chandrika: