crime
ഡിജിറ്റൽ അറസ്റ്റ്; അന്വേഷണമെന്ന വ്യാജേന വീഡിയോ കോളിലൂടെ വിവസ്ത്രയാക്കി: പണം തട്ടി

ഡിജിറ്റൽ യുഗത്തിൻ്റെ ലോകത്താണ് നാം എല്ലാവരും ജീവിക്കുന്നത്. അതിനാൽ തന്നെ അതിലെ നല്ലതും ചീത്തയും നമ്മൾ മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. അതിൽ പ്രധാനപ്പെട്ടതാണ് ഡിജിറ്റൽ അറസ്റ്റ്. നിരവധിപ്പേരാണ് ഇപ്പോൾ ദിനംപ്രതി ഡിജിറ്റൽ അറസ്റ്റിൽ കുടുങ്ങുന്നത്. ആവശ്യത്തിന് ബോധവൽക്കരണങ്ങൾ നൽകുന്നുണ്ടെങ്കിലും പലരും ഇപ്പോഴും ഡിജിറ്റൽ അറസ്റ്റിന് ഇരകളാകുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു അനുഭവമാണ് മുംബൈയിൽ നിന്നും ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബോറിവലി ഈസ്റ്റിൽ താമസിക്കുന്ന യുവതി ഫാർമക്യൂട്ടിക്കൽ കമ്പനിയിലാണ് ജോലി ചെയ്ത് വരുന്നത്. നവംബർ 19നാണ് ഡൽഹി പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പ് സംഘം യുവതിയെ ഫോണിൽ വിളിക്കുന്നത്. ജയിലിൽ കഴിയുന്ന ജെറ്റ് എയർവേഴ്‌സിന്റെ സ്ഥാപക ചെയർമാൻ നരേശ് ഗോയൽ പ്രതിയായ കള്ളപ്പണക്കേസിന്റെ അന്വേഷണത്തിന്റെയിടയിൽ യുവതിയുടെ പേരുമുണ്ടായിരുന്നെന്നാണ് പോലീസെന്ന പേരിലെത്തിയ തട്ടിപ്പികാർ യുവതിയെ വിശ്വസിപ്പിച്ചത്.
പിന്നാലെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വീഡിയോ കോൾ ചെയ്യുകയും യുവതി ഡിജിറ്റൽ അറസ്റ്റിന് വിധേയമാകുകയും ആണെന്ന് പറയുകയുമായിരുന്നു. ചോദ്യം ചെയ്യലിന് വേണ്ടി ഹോട്ടൽ മുറിയിലേക്ക് വരണമെന്നും തട്ടിപ്പുകാർ യുവതിയോട് ആവശ്യപ്പെട്ടു. യുവതിയോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനായി 1,78,000 രൂപ ആവശ്യപ്പെട്ടു. ശരീര പരിശോധനയ്ക്ക് വേണ്ടിയാണ് വീഡിയോ കോളിൽ യുവതിയോട് വസ്ത്രം അഴിച്ച് നിൽക്കാൻ തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. ഭീഷണയിൽ വീണ യുവതി പണം തട്ടിപ്പുകാർക്ക് നൽകുകയും അവർ ആവശ്യപ്പെട്ടതെല്ലാം ചെയ്യുകയും ചെയ്തു.
crime
ബിഹാറിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു
ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു

പട്‌ന: ബിഹാറിലെ മുസഫർപൂരിൽ ആക്രി കച്ചവടക്കാരനെ വെടിവെച്ചുകൊന്നു. മുഹമ്മദ് ഗുലാബ് എന്നയാളാണ് കൊല്ലപ്പെട്ടത്. ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഗുലാബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബന്ധുക്കളും പ്രദേശവാസികളും തെരുവിലിറങ്ങി. ദേശീയ പാത ഉപരോധിച്ച പ്രതിഷേധക്കാർ രണ്ട് വാഹനങ്ങൾക്ക് തീയിട്ടു.
കട പൂട്ടി പുറത്തിരിക്കുകയായിരുന്ന ഗുലാബിനെ അവിടെയെത്തിയ അജ്ഞാതസംഘം പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊല്ലുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുലാബ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ഗുലാബിന്റെ തലയോട്ടിയിൽനിന്ന് മൂന്ന് ബുള്ളറ്റുകൾ ലഭിച്ചതായി പൊലീസ് പറഞ്ഞു.
സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിനീത സിൻഹയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കൊല്ലപ്പെട്ട ഗുലാബിന്റെ സഹോദരനായ രാജ് ആരോപിച്ചു. മുഹമ്മദ്, തുഫൈൽ, മുഹമ്മദ് ബാദൽ, മുഹമ്മദ് ആകിൽ, മുഹമ്മദ് ഛോട്ടു എന്നിവരാണ് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചത്. അവർ തങ്ങളുടെ കുടുംബവുമായി ദീർഘകാലമായി തർക്കത്തിലായിരുന്നു. രണ്ട് ദിവസം മുമ്പ് ഇവർ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും രാജ് പറഞ്ഞു. എന്നാൽ ദൃക്‌സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
crime
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്‍കി യുവാവ്
കുട്ടിയുടെ അമ്മാവനായ മനോജാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്

ജയ്പൂര്‍: പിണങ്ങിപ്പോയ ഭാര്യ തിരികെ വരാൻ അഞ്ച് വയസുകാരനെ ബലി നൽകി യുവാവ്. രാജസ്ഥാനിലെ ഖൈർത്താൽ ജില്ലയിലെ മുണ്ടവാർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരായ് ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. കുട്ടിയുടെ അമ്മാവനായ മനോജാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. മനോജിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഭാര്യ തിരികെയെത്താൻ നരബലി നടത്തണമെന്ന മന്ത്രവാദിയുടെ നിർദേശത്തെ തുടർന്നായിരുന്നു കൊടുംക്രൂരത. മനോജിനെയും മന്ത്രവാദിയേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്ന് ദിവസം മുമ്പ് ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നുവെന്ന് മുണ്ടവാർ എസ്എച്ച്ഒ മഹാവീർ സിങ് പറഞ്ഞു. ലോകേഷ് എന്ന അഞ്ചു വയസുകാരനാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ മനോജും അവിടെയുണ്ടായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. മനോജുമായുള്ള തർക്കത്തെ തുടർന്ന് ഭാര്യ വീടുവിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഭാര്യയെ തിരികെ വീട്ടിലെത്തിക്കാൻ മന്ത്രവാദിയെ കണ്ട മനോജിനോട് 12,000 രൂപയും ഒരു കുട്ടിയെ ബലി നൽകണമെന്നും മന്ത്രവാദത്തിനായി കുട്ടിയുടെ രക്തവുമാണ് ആവശ്യപ്പെട്ടത്.
ശനിയാഴ്ചയോടെ കുട്ടിയെ ലക്ഷ്യമിട്ട മനോജ് മിഠായി നൽകി ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നു. വീട്ടിനുള്ളിൽ വച്ച് കുട്ടിയെ കൊന്ന് വൈക്കോലിൽ ഒളിപ്പിച്ച ശേഷം കുട്ടിയുടെ ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് സിറിഞ്ചിൽ രക്തം ശേഖരിക്കുകയായിരുന്നു. രക്തം എടുക്കാൻ ഉപയോഗിച്ച സിറിഞ്ച് പൊലീസ് കണ്ടെടുത്തു. കുറ്റകൃത്യത്തിന് സഹായിച്ചതിന് മന്ത്രവാദിയും അറസ്റ്റിലായിട്ടുണ്ട്.
crime
കൈവശമുള്ളത് 34 രാജ്യങ്ങളുടെ സീൽ; എട്ട് വർഷത്തോളം വ്യാജ എംബസി നടത്തിയയാൾ പിടിയിൽ

ഗാസിയാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ആഗോളനേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ആളുകളെ കബളിപ്പിച്ച് വ്യാജ എംബസി നടത്തിയയാൾ പിടിയിൽ. ലോകത്ത് ഒരു രാജ്യവും അംഗീകരിച്ചിട്ടില്ലാത്ത ‘വെസ്റ്റാർക്ടിക്ക’ എന്ന രാജ്യത്തിന്റെ പേരിലാണ് ഇയാൾ വ്യാജ എംബസി നടത്തിയിരുന്നത്. വെസ്റ്റാർക്ടിക്കയുടെ ‘ബാരൺ’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹർഷവർധൻ ജെയിൻ ആണ് യുപി സ്പെഷൽ ടാസ്ക് ഫോഴ്സിൻ്റെ പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം.
വെസ്റ്റാർക്ടിക്ക, സബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ നിലവിലില്ലാത്ത രാജ്യങ്ങളുടെ അംബാസഡറാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഹർഷവർധൻ എട്ടുവർഷത്തോളം ആളുകളെ കബളിപ്പിച്ചത്. വിസ നൽകുക, പാസ്‌പോർട്ടുകൾ പുതുക്കുക, വിദേശത്ത് താമസിക്കുന്ന താമസക്കാർക്ക് സഹായം നൽകുക എന്നീ ചുമതലകളാണ് ഒരു കോൺസൽ അല്ലെങ്കിൽ അംബാസിഡറിന് ഉണ്ടാവുക. വിവിധ രാജ്യങ്ങളുടെയും കമ്പനികളുടെയും മുപ്പത്തിനാല് വ്യാജ സീലുകളും ഇയാളുടെ കൈവശം കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍
റിപ്പോർട്ട് ചെയ്യുന്നു.
ആഡംബര ഇരുനില കെട്ടിടം വാടകയ്ക്ക് എടുത്താണ് ജെയിൻ തൻ്റെ വ്യാജ എംബസി സമ്രാജ്യം കെട്ടിപ്പടുത്തത്. എംബസിക്ക് മുന്നിൽ വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഉള്ള ആഡംബര കാറുകളുമുണ്ടായിരുന്നു. ഇതിനൊപ്പം വിശ്വാസ്യത വർധിപ്പിക്കാനായി രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർക്കൊപ്പമുള്ള മോർഫ് ചെയ്ത ചിത്രങ്ങളും ഇയാൾ ഉപയോഗിച്ചു.
നയതന്ത്ര നമ്പർ പ്ലേറ്റുകൾ, 12 മൈക്രോനേഷനുകളുടെ ‘നയതന്ത്ര പാസ്‌പോർട്ടുകൾ’, വിദേശകാര്യ മന്ത്രാലയത്തിന്റെ സ്റ്റാമ്പുകൾ പതിച്ച രേഖകൾ, 34 രാജ്യങ്ങളുടെ സ്റ്റാമ്പുകൾ, 44 ലക്ഷം രൂപ, വിദേശ കറൻസി, 18 നയതന്ത്ര നമ്പർ പ്ലേറ്റുകൾ, ആഡംബര വാച്ച് ശേഖരം എന്നിവ എസ്ടിഎഫ് ഉദ്യോഗസ്ഥർ ഹർഷവർധൻ്റെ എംബസിയിൽ നിന്ന് കണ്ടെടുത്തു.
നിയമവിരുദ്ധമായി സാറ്റലൈറ്റ് ഫോൺ കൈവശം വച്ചതിന് 2011ൽ ജെയിനിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവാദ ആൾദൈവമായ ചന്ദ്രസ്വാമിയുമായും അന്താരാഷ്ട്ര ആയുധ ഇടപാടുകാരനായ അദ്‌നാൻ ഖഗോഷിയുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടുണ്ട്. ഹവാല വഴി കള്ളപ്പണം വെളുപ്പിക്കുന്ന റാക്കറ്റിന്റെ ഭാഗമാണിയാളെന്നും നയതന്ത്ര രേഖകൾ വ്യാജമായി നിർമിച്ചതാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഗാസിയാബാദിലെ വ്യാജ എംബസിക്ക് പുറത്തുള്ള നെയിംബോർഡിൽ ‘കോൺസൽ ജനറൽ ഓഫ് ഗ്രാൻഡ് ഡച്ചി ഓഫ് വെസ്റ്റാർക്ടിക്ക’ എന്നാണ് കുറിച്ചിരിക്കുന്നത്. എസ്‌ടിഎഫ് വ്യാജ എംബസി കണ്ടെത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, വെസ്റ്റാർക്ടിക്കയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ അവരുടെ ഹർഷവർധൻ്റെ ഫോട്ടോകൾ പങ്കിട്ടിരുന്നു. “ബാരൺ എച്ച്. വി. ജെയിൻ നിയന്ത്രിക്കുന്ന വെസ്റ്റാർക്ടിക്കയുടെ ന്യൂഡൽഹിയിലെ കോൺസുലേറ്റ് ജനറൽ 2017 മുതൽ പ്രവർത്തനക്ഷമമാണ്.
ഇന്ത്യയിലെ വെസ്റ്റാർക്ടിക്കയുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിനൊപ്പം, ബാരൺ ജെയിൻ പ്രതിവർഷം അഞ്ച് തവണ പ്രാദേശിക ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നുമുണ്ട്,” ഗാസിയാബാദിലെ കെട്ടിടത്തിന്റെയും ജെയിനിൻ്റെ ‘ഭണ്ഡാര’ ഓർഗനൈസേഷെൻ്റേയും ഫോട്ടോകൾ പങ്കിട്ടുകൊണ്ടുള്ള പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
ആലപ്പുഴ ജില്ലയില്‍ ഇന്ന് പൊതുഅവധി
-
News3 days ago
ഗസ്സയില്‍ കഴിഞ്ഞ ദിവസം പട്ടിണിമൂലം 15 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india3 days ago
‘മേജര്‍ വിന്’: ജാതി വിവേചനത്തിനെതിരെ നടപടിയെടുക്കാനുള്ള കാലിഫോര്‍ണിയ സര്‍ക്കാരിന്റെ അധികാരത്തെ യുഎസ് ഫെഡറല്‍ കോടതി ശരിവച്ചു
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
Film2 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്